കണ്ണൂര്‍ സമ്മേളനം: വി.എസിനെതിരെ രൂക്ഷ വിമര്‍ശനം
കണ്ണൂര്‍: ഔദ്യോഗിക പക്ഷത്തിന്റെ ശക്തിദുര്‍ഗമായ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
ഞായറാഴ്‌ച വൈകീട്ടുവരെ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത 17 ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളും വി.എസിന് എതിരായി ആരോപണങ്ങളുയര്‍ത്തി. ഒരാള്‍ പോലും വി.എസിനെ അനുകൂലിച്ച് ഒന്നും പറഞ്ഞില്ലെന്നത് ചര്‍ച്ചയില്‍ ശ്രദ്ധേയമായി. പിണറായി വിജയനെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്ന രീതിയിലുള്ളതായിരുന്നു ചര്‍ച്ച.
പാര്‍ട്ടിയ്‌ക്ക് വിധേയനല്ലാത്ത രീതിയിലാണ് വി.എസിന്റെ പ്രവര്‍ത്തനം. സ്വന്തം പ്രതിച്ഛായയെ വളര്‍ത്താന്‍ മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഈ നിലപാട് പൊതുസമൂഹത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസമുണ്ടാക്കുന്നു. പാര്‍ട്ടി ഒരു വഴിയ്‌ക്കും വി.എസ് മറ്റൊരു വഴിയ്‌ക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്- പ്രതിനിധികള്‍ ആരോപിച്ചു.
വി.എസിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. വി.എസും കുടുംബവും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരു പ്രതിനിധി പറഞ്ഞപ്പോള്‍ വി.എസിനെ മുന്നില്‍ നിര്‍ത്തി അദ്ദേഹത്തിന്റെ സ്വന്തക്കാരും കൂട്ടരുമാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നായിരുന്ന മറ്റൊരാളുടെ ആരോപണം.
പൊളിറ്റ് ബ്യൂറോ ഇരുനേതാക്കളെയും സസ്‌പെന്റു ചെയ്‌തതിന് ശേഷവും വി.എസിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടായില്ല. ഇതിന് കാരണം പൊളിറ്റ്‌ബ്യൂറോയുടെ ഇടപെടല്‍ ശക്തമല്ലാത്തതാണെന്നും ആരോപണമുയര്‍ന്നു.
പിണറായിയും വി.എസും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണ്. പൊളിറ്റ് ബ്യൂറോ അതംഗീകരിച്ചു. എന്നാല്‍ പിന്നീട് ചിലര്‍ വി.എസിന് വേണ്ടി പ്രകടനം നടത്തിയപ്പോള്‍ പൊളിറ്റ് ബ്യൂറോ തീരുമാനം മാറ്റി. പാര്‍ട്ടിയോട് കൂറുണ്ടായിരുന്നെങ്കില്‍ മത്സരിക്കുന്നില്ലെന്നായിരുന്ന വി.എസ് പറയേണ്ടിയിരുന്നത്- മറ്റൊരു പ്രതിനിധി ചൂണ്ടിക്കാട്ടി.
കിളിരൂര്‍ കേസില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവന്നത് വി.എസിന്റെ പരാമര്‍ശങ്ങളാണെന്നും ആരോപണമുയര്‍ന്നു. അനവസരത്തിലുള്ള വി.എസിന്റെ പ്രസ്‌താവനകളും പ്രസംഗങ്ങളും പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കിയെന്നതാണ് ചര്‍ച്ചയിലുയര്‍ന്ന പൊതു വികാരം.
ഇതേസമയം വിഭാഗീയത അവസാനിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകാനും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രതിനിധികള്‍ പ്രശംസിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications