യേശുദാസിനെ ക്ഷണിച്ചുവരുത്തിയതല്ലെന്ന് ക്ഷേത്രാധികാരികള്‍
മലപ്പുറം: കാടാമ്പുഴ ക്ഷേത്രത്തിലേയ്‌ക്ക് യേശുദാസിന ക്ഷണിച്ചുവരുത്തിയിട്ടില്ലെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. നാരായണന്‍കുട്ടി. നിലവിലെ ക്ഷേത്രാചാരം നടപ്പാക്കുകമാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
കാടാമ്പുഴ ക്ഷേത്രത്തില്‍ തന്നെ ക്ഷണിച്ചുവരുത്തി പുറത്തുനിര്‍ത്തി അപമാനിച്ചുവെന്ന് ഗായകന്‍ യേശുദാസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എക്‌സക്യൂട്ടീവ് ഓഫീസര്‍.
തിരുവേഗപ്പുറയിലെ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലേയ്‌ക്ക് പോകന്നവഴിയ്‌ക്കാണ് കൂടെയുണ്ടായിരുന്ന ചിലര്‍ കാടാമ്പുഴയെക്കുറിച്ച് യേശുദാസിനോട് പറഞ്ഞത്. അന്ന് രാത്രി ചിലര്‍ ഫോണ്‍ ചെയ്‌ത് പറഞ്ഞപ്പോള്‍ത്തന്നെ അഹിന്ദുവായ യേശുദാസിനെ നാലമ്പലത്തില്‍ കയറ്റാനാവില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ബന്ധപ്പെട്ടവര്‍ അദ്ദേഹത്തില്‍ നിന്നും മറച്ചുവെയ്‌ക്കുകയായിരുന്നു.
ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. ആരും അരുതാത്തതൊന്നും പറഞ്ഞിട്ടില്ല. നാലമ്പലത്തിനുള്ളില്‍ കയറാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ഗുരുവായൂരിലും ഇതേ അനുഭവമായിരുന്നു തനിക്കെന്നാണ് യേശുദാസ് പ്രതികരിച്ചത്- അദ്ദേഹം പറഞ്ഞു.
ക്ഷേത്രസൂപ്രണ്ടിന്റെ ഓഫീസില്‍ സ്വീകരിച്ചിരുത്തിയ അദ്ദേഹത്തിന് ക്ഷേത്രത്തിലെ പ്രസാദം നല്‍കി. പിന്നീട് കുടുംബത്തിന്റെ പേരില്‍ വഴിപാടുകള്‍ നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. സ്വകാര്യ ക്ഷേത്രമായതിനാല്‍ തിരുവേഗപ്പുറ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ അവര്‍ നിശ്ചയിക്കുന്ന ആര്‍ക്കും പ്രവേശിക്കാം. എന്നാല്‍ കാടാമ്പുഴയില്‍ നിലവിലുള്ള ക്ഷേത്രാചാരങ്ങള്‍ പാലിക്കേണ്ടതുണ്ട്- എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.












Click it and Unblock the Notifications