സര്‍ക്കോസി നെപ്പോളിയനെപ്പോലെയാണെന്ന് കാമുകി
ലണ്ടന്‍: മുന്‍ ഇറ്റാലിയന്‍ മോഡലും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ കാമുകിയുമായ കാര്‍ല ബ്രൂണിയുടെ അഭിപ്രായത്തില്‍ ഫ്രഞ്ചുകാര്‍ അത്രനല്ലവരല്ല, മാത്രമല്ല പാരീസ് നഗരം വല്ലാതെ മലിനീകരണമുള്ളതുമാണ്.
എന്നാല്‍ പ്രണയത്തിന്റെ കാര്യത്തിലായാല്‍ ഇക്കാര്യങ്ങളൊന്നും ബ്രൂണി നോക്കുന്നില്ല. നിക്കോളാസ് സര്‍ക്കോസി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെപ്പോലെ ധീരനാണെന്നല്ലാതെ ബ്രൂണിയ്‌ക്ക് മറ്റൊന്നും പറയാനുമില്ല.
ഒരു ഇറ്റലിക്കാരിയായിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇറ്റലിക്കാരുടെ നല്ല പെരുമാറ്റരീതികളും ഇറ്റാലിയന്‍ ഭക്ഷണവും എനിക്ക് പ്രിയപ്പെട്ടതാണ്. ചില കാര്യങ്ങളില്‍ ഫ്രഞ്ചുകാരുടെ മനോഭാവം ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. മിക്ക കാര്യങ്ങളിലും അവര്‍ നെഗറ്റീവായി ചിന്തിയ്‌ക്കുന്നു.
സ്വന്തം ഭാഷയെ അളവില്‍ക്കവിഞ്ഞ് ആരാധിക്കുന്നു. ഫ്രഞ്ച് ഭാഷയോട് അവര്‍ക്ക് ഒരുതരം ഭ്രാന്താണ്. എന്നാല്‍ ഇറ്റലിക്കാര്‍ എല്ലായ്‌പ്പോഴും എല്ലാകാര്യങ്ങളിലും വികാരങ്ങളിലും ഒരു നിയന്ത്രണം പാലിക്കുന്നവരാണ്- ബ്രൂണി ചൂണ്ടിക്കാട്ടി.
പാരിസ് നഗരം ലണ്ടന്‍ നഗരത്തെക്കാള്‍ മനോഹരമാണോയെന്ന ചോദ്യത്തിന് അങ്ങനെ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ബ്രൂണിയുടെ മറുപടി. ലണ്ടന്റെ മനോഹാരിത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ മലിനീകരണമുള്ളതായി തോന്നില്ല അവിടെ കുറേയേറെ പാര്‍ക്കുകളുണ്ട്.
പാരീസില്‍ നഗരത്തിന്റെ ഒരു മൂലയിലാണ് ഞാന്‍ താമസിച്ചത്. കാരണം അവിടെ പച്ചപ്പുള്ള സ്ഥലങ്ങള്‍ കുറവാണ്. പാരിസ് നഗരമധ്യം ഒരക്കലും സഹിയ്‌ക്കാന്‍ വയ്യാത്തതാണ്- ബ്രൂണി വിവരിച്ചു.
പ്രണയത്തിന്റെ കാര്യം ചോദിച്ചുതുടങ്ങിയപ്പോള്‍ ഫ്രഞ്ചുകാരുടെ കുഴപ്പങ്ങളൊക്കെ മറന്ന് പോപ് താരം പ്രിന്‍സിനോടും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനോടുമാണ് ബ്രൂണി തന്റെ കാമുകനായ പ്രസിഡന്റിനെ ഉപമിച്ചത്. ഇവരിരുവരും സവിശേഷമനോഭാവങ്ങള്‍കാരണം ഉയരക്കുറവിനെ മറികടന്നവരാണ്.
നെപ്പോളിയന്‍, സര്‍ക്കോസി എന്നിവരെയൊക്കെപ്പോലെ ചില ഉയരക്കുറവുള്ളവര്‍ ശരിയ്‌ക്കും വ്യത്യസ്‌തമായ മനോഭാവമുള്ളവരാണ്. ചില പുരുഷന്മാര്‍ക്ക് പ്രായം എത്രകൂടിയാലും മനസ്സെന്നും ചെറുപ്പമായിരിക്കും അത്തരക്കാരെയാണ് എനിക്കിഷ്ടം- ബ്രൂണി പറഞ്ഞു.












Click it and Unblock the Notifications