സഞ്ജയ് ദത്ത്- മന്യത വിവാഹം കഴിഞ്ഞു?
മുംബൈ: സഞ്ജയ് ദത്തും കാമുകി മന്യതയും തമ്മിലുള്ള വിവാഹം കഴിഞ്ഞോ? ബുധനാഴ്ച ഒരു മറാത്തി ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട അര പേജിലുള്ള കളര്‍ പരസ്യം ഇരുവരും വിവാഹിതരായെന്ന് സൂചനയാണ് നല്‍കുന്നത്.
ശിവസേനാ നേതാവ് ബാല്‍ താക്കറെയ്ക്ക് അദ്ദേഹത്തിന്റെ 82-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പരസ്യത്തില്‍ ആശംസാ വാചകത്തിനു ശേഷം കൊടുത്തിരിക്കുന്ന പേരുകള്‍ ഇങ്ങനെയാണ്- സഞ്ജയ് ദത്ത്, മന്യതാ ദത്ത്.
ബന്ധുക്കളുടെയും ഏതാനും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും രഹസ്യവിവാഹം നടന്നുവെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. മുംബൈ ബോംബ് സ്ഫോടന കേസില്‍ തടവുശിക്ഷക്കു വിധിക്കപ്പെട്ട ദത്ത് ഇപ്പോള്‍ ജാമ്യത്തിലാണ്. ജയില്‍ ശിക്ഷ നേരിടുന്ന വേളയില്‍ വലിയ ആഘോഷങ്ങളൊന്നും വേണ്ടെന്നതു കൊണ്ടാണത്രെ വിവാഹം രഹസ്യമായി നടത്തിയത്.
ഒരു കാലത്ത് ബോളിവുഡ് ഐറ്റം ഗേളായിരുന്ന മന്യത എന്ന ദിഹാസ് ഷെയ്ഖ് ഏറെ കാലമായി സഞ്ജയ് ദത്തിനൊപ്പം കഴിയുകയാണ്. ദത്തിന്റെ വ്യക്തിജീവിതത്തിലെയും അഭിനയജീവിതത്തിലെയും ഉയര്‍ച്ചത്താഴ്ചകളിലെല്ലാം മന്യത ഒപ്പമുണ്ടായിരുന്നു.
നവംബറില്‍ സഞ്ജയ് ജാമ്യത്തില്‍ പുറത്തിറങ്ങിയതു മുതല്‍ എല്ലാ പൊതുപരിപാടികളിലും മന്യതയോടൊപ്പമാണ് പ്രത്യക്ഷപ്പെടാറ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും മന്യത സഞ്ജയ് ദത്തിനൊപ്പമുണ്ടാവാറുണ്ട്. മന്യതയുടെ സാന്നിധ്യത്തിലല്ലാതെ ദത്തിനോട് സംസാരിക്കാന്‍ സുഹൃത്തുക്കള്‍ക്കോ സഹോദരിമാര്‍ക്കോ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications