തലസ്ഥാന സഖാക്കള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം : സിപിഎമ്മിലെ ചേരിപ്പോരിന്റെ മറവില്‍ സ്വന്തം വ്യക്തിവൈരാഗ്യം തീര്‍ത്ത തലസ്ഥാന ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിന് വന്‍തിരിച്ചടി.
തിരുവനന്തപുരം ജില്ലാ സമ്മേളനം വീണ്ടും നടത്താനും സംസ്ഥാന സമ്മേളന പ്രതിനിധികളെ പുനര്‍ നിര്‍ണയിക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തങ്ങള്‍ക്കിഷ്ടപ്പെടാത്തവരെ എതിര്‍ഗ്രൂപ്പായി മുദ്രകുത്തി പകതീര്‍ത്ത പുതിയ ജില്ലാ നേതൃത്വത്തിന് പാര്‍ട്ടി തീരുമാനം കനത്ത തിരിച്ചടിയായി. വിഭാഗീയതയുടെ തിരുരൂപമായി നില്‍ക്കുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്നും തീരുമാനമായി.
ഒഴിവാക്കപ്പെട്ട പ്രമുഖരെ പലരെയും സംസ്ഥാന സമ്മേളനത്തിനു ശേഷം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. കേരളത്തിലെ സിപിഎമ്മിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന ജില്ലാ കമ്മിറ്റിയാണ് തലസ്ഥാന ജില്ലയിലേത്.
സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ മൂന്നു പേര്‍ മാത്രമാണ് വിഎസ് പക്ഷത്തു നിന്നുളളത്. ബാക്കി 33 പേരും ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ കൊടിയ വിഭാഗീയതയാണ് നടമാടിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഎസ് അച്യുതാനന്ദന്‍ നേരിട്ടു നന്നെ പരാതിയുമായി പൊളിറ്റ് ബ്യൂറോയെ സമീപിക്കുകയും ചെയ്തു.
തിരുവനന്തപുരം സമ്മേളനത്തില്‍ അരങ്ങേറിയ സംഭവങ്ങളോട് ഔദ്യോഗിക പക്ഷത്തിന് തന്നെ എതിര്‍പ്പുളളതായാണ് വിവരം. വിഭാഗീയത അവസാനിപ്പിക്കാനുളള പാര്‍ട്ടി നേതൃത്വത്തിന്റെ മൂക്കിനു കീഴില്‍ തലസ്ഥാനജില്ലയില്‍ തന്നെ അതിരൂക്ഷമായ ഗ്രൂപ്പു പോര് അരങ്ങേറിയത് പാര്‍ട്ടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരുന്നു.












Click it and Unblock the Notifications