എച്ച്‌എംടി ഭൂമി ഇടപാട് കോടതിയിലേക്ക്
കൊച്ചി: വിവാദമായി എച്ച്‌എംടി ഭൂമി ഇടപാട് ഹൈക്കോടതിയിലേക്ക്.
എച്ച്‌എംടിയുടെ കൈവശമുള്ള ഭൂമി സ്വകാര്യ റിയല്‍ എസ്റ്ററ്റ് കമ്പനിയ്‌ക്ക് വിറ്റ കമ്പനി നടപടി റദ്ദാക്കണമെന്നും ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന് സിബിഐയ്‌ക്കു നിര്‍ദേശം നല്‌കണമെന്നൂം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയ് കൈതാരത്താണ് ഹര്‍ജി നല്‌കിയത്.
ഭൂമി വില്‌ക്കാന്‍ എച്ച്‌എംടിയ്‌ക്ക് അവകാശമില്ലെന്നും സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശം നല്‌കാന്‍ വ്യവസായ മന്ത്രിയുടെയ്‌ക്ക് അധികാരമില്ലെന്നുമാണ് ഹര്‍ജിയില്‍ വാദിച്ചിട്ടുള്ളത്.
ഹര്‍ജി അടുത്ത മാസം രണ്ടിനു പരിഗണിയ്ക്കും. ഇതിനിടെ എച്ച്‌എംടി ഭൂമി ഇടപാട് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി എളമരം കരീം പറഞ്ഞു.
എച്ച്‌എംടിയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ 200 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക് നല്‌കിയതാണ്. ശരിയായ വ്യവസ്ഥകള്‍ പ്രകാരം തന്നെയാണ് കിന്‍ഫ്ര ഭൂമി കൈമാറ്റം നടത്തിയത്.
200 ഏക്കര്‍ സ്ഥലം മന്ത്രിയുടെ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മറിച്ചു വിറ്റുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഭൂമിയിടപാടില്‍ എന്തെങ്കിലും തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തു നല്‌കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications