അജിതയുടെ ഭര്‍ത്താവ് സ്പിരിട്ട് കേസില്‍
പാലക്കാട് : മുന്‍ നക്സലൈറ്റും 'അന്വേഷി' നേതാവുമായ കെ അജിതയുടെ ഭര്‍ത്താവ് യാക്കൂബ് സ്പിരിട്ട് കേസില്‍.
സിമന്റ് ലോറിയില്‍ നിന്ന് 17 ലക്ഷം രൂപ വിലവരുന്ന 7800 ലിറ്റര്‍ സ്പിരിട്ട് പിടികൂടിയതിനെ തുടര്‍ന്നാണ് യാക്കൂബിന്റെ ഉടമസ്ഥതയിലുളള എക്സ്പെര്‍ട്ട് ലൈന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി വിവാദത്തിലകപ്പെട്ടത്. സ്പിരിട്ട് കേസിനെ തുടര്‍ന്ന് എക്സ്പെര്‍ട്ട് ലൈന്‍ ഏജന്‍സിയുടെ കരാര്‍ മലബാര്‍ സിമന്റ്സ് സസ്പെന്‍ഡ് ചെയ്തു. രണ്ടു ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
വാളയാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രീന്‍ചാനല്‍ സംവിധാനത്തിലാണ് സിമന്റ് ലോറി അകപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 24നാണ് സംഭവം. ഗ്രീന്‍ ചാനല്‍ വഴി കടന്നുപോകാനെത്തിയ ലോറി എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞു.
തുടര്‍ന്ന് ഡ്രൈവറടക്കം ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. മലബാര്‍ സിമന്റ്സിന്റെ ഇന്‍വോയ്സും പാസുമായാണ് ലോറി ചെക്ക് പോസ്റ്റിലെത്തിയത്. ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപെട്ടു.
കാസര്‍കോട് ചെര്‍ക്കളം സ്വദേശി ചെര്‍ക്കളം അനീസ് റഹ്മാനാണ് സിമന്റ് വാങ്ങിയത്. സിമന്റ് വാങ്ങുന്നതിന്റെ മറവില്‍ സ്പിരിട്ട് കടത്തുകയാണ് അനീസിന്റെ ലക്ഷ്യമെന്ന് മലബാര്‍ സിമന്റ്സ് കമ്പനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഏജന്‍സി ലൈസന്‍സും കമ്പനി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അനീസിന് വാഹനം ഏര്‍പ്പാടാക്കി നല്‍കിയത് യാക്കൂബിന്റെ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയാണ്. ഇതേ തുടര്‍ന്നാണ് എക്സ്പെര്‍ട്ട് ലൈന്‍ ഏജന്‍സിയുടെ ലൈസന്‍സ് കമ്പനി റദ്ദാക്കിയത്.












Click it and Unblock the Notifications