മതാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കണം: ബിജെപി
ദില്ലി:തീവ്ര ഹിന്ദുത്വ നിലപാടുകളിലൂന്നി അധികാരത്തലേക്ക് തിരിച്ചെത്താന്‍ ബിജെപി ഒരുങ്ങുന്നു.
എന്‍ഡിഎ അധികാര സംഖ്യം അധികാരത്തിലെത്തിയാല്‍ മതാടിസ്ഥാനത്തിലുള്ള സംവരണവും ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം തീവ്ര ഹിന്ദുത്വ നിലപാടുകളിലേക്കുള്ള ബിജെപിയുടെ തിരിച്ചു പോക്കായി കണക്കാക്കാം.
വികസനത്തിന് വര്‍ഗീയ നിറം നല്‌കുന്നത് അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷം എന്ന വാക്കിന് കേന്ദ്രം പുനര്‍നിര്‍വചനം നല്‌കണമെന്നും രാജ് നാഥ് സിങ് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി യുപിഎ സര്‍ക്കാര്‍ കടുത്ത ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതത്.
മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞപ്പോള്‍ സാന്പത്തിക സഹായം നല്കി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് സര്‍ക്കാര്‍. ഇത്തരം നടപടികളെ ചെറുക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്ത് ഗുജറാത്തില്‍ തീവ്ര ഹിന്ദുത്വ നയത്തിലൂടെ വിജയം നേടാനായതാണ് ബിജെപിയ്‌ക്ക് ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടു പോകാന്‍ പ്രേരണയായിട്ടുള്ളത്. എന്നാല്‍ ബിജെപി എന്നും ഉയര്‍ത്തിക്കൊണ്ടു വന്നിരുന്ന അയോധ്യ പ്രശ്‌നം അടുത്ത തിരഞ്ഞെടുപ്പില്‍ ഒഴിവാക്കാനാണ് സാധ്യത.
അതിനു പകരം രാമസേതു, അഫ്‌സല്‍ ഗുരു പ്രശ്‌നം തുടങ്ങിയവ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിയ്‌ക്കാനാണ് ബിജെപിയുടെ ലക്ഷ്യം.
സംഘടനയിലെ മൂന്നിലൊന്ന് പദവികള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ ബിജെപി തീരുമാനിച്ചു. മൂന്ന് മാസത്തിനകം ഈ തീരുമാനം നടപ്പിലാക്കും. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പാര്‍ലമെന്ററി ബോര്‍ഡിനെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications