കുഴല്‍ക്കിണറില്‍ വീണ കുട്ടിയ രക്ഷിച്ചു
ബാംഗ്ലൂര്‍: നാല്‌പതടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഏഴു വയസുകാരനെ 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
ഗുല്‍ബര്‍ഗ ജില്ലയില്‍ ബുസാനൂര്‍ ഗ്രാമത്തിലാണ് നവനീതെന്ന ഏഴു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. മാതാപിതാക്കളോടൊപ്പം കരിമ്പിന്‍ തോട്ടത്തിലെത്തിയ നവനീത് കളിക്കുന്നതിനിടെ തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
സംഭവമറിഞ്ഞയുടനെ ജില്ലാ ഭരണകൂടവും പോലീസും നാട്ടുകാരും ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനിടെ മൈക്രോഫോണ്‍ കുഴല്‍ക്കിണറിലേക്കിട്ടു കൊടുത്ത് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചതോടെ എല്ലാവര്‍ക്കും പ്രതീക്ഷ വര്‍ദ്ധിച്ചു.
കുട്ടിയ്‌ക്ക് ബിസ്‌ക്കറ്റ് പാക്കറ്റും വെള്ളവും കയറില്‍ കെട്ടിയിറക്കി കൊടുക്കുകയും ചെയ്‌തു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നതിനിടെ കയര്‍ ഇറക്കി കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു.
ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇട്ടു കൊടുത്ത കയര്‍ സ്വന്തം അരയ്‌ക്കു കെട്ടിയ നവനീതിനെ മുകളിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സമീപ ജില്ലയായ റയ്‌ച്ചൂരില്‍ സമാനമായ ദുരന്തം നടന്നിരുന്നു അന്ന് മൂന്ന് ദിവസം കുഴല്‍ക്കിണറില്‍ കുടുങ്ങിയ സന്ദീപ് എന്ന കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തിലെത്തിയിരുന്നില്ല. മൂന്നു ദിവസത്തിനു ശേഷം സന്ദീപിന്റെ അഴുകിത്തുടങ്ങിയ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.












Click it and Unblock the Notifications