ബിനോയ് വിശ്വത്തിന്റെ ഓഫീസില്‍ കൊഴിഞ്ഞുപോക്ക്
തിരുവനന്തപുരം: വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ കൂട്ടരാജിയ്‌ക്കൊരുങ്ങുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് വിശ്വത്തിന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫുകള്‍ വിട്ടുപോയത്. ഇതിന് പിന്നാലെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കം മൂന്നിലധികം പേരാണ് രാജിവയ്‌ക്കാന്‍ തയ്യാറെടുക്കുന്നത്.
യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്‌മ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മനം മടുത്താണ് പാര്‍ട്ടി നിയോഗിച്ച സ്‌റ്റാഫുകളില്‍ മിക്കവരും രാജിയ്‌ക്കൊരുങ്ങുന്നത്. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ടി.എസ് ശശിധരന്‍ നായര്‍ ബുധനാഴ്‌ച മന്ത്രിയെ നേരില്‍ക്കണ്ട് രാജിക്കത്ത് നല്‍കും.
പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ഇദ്ദേഹം ആര്‍ഡിഒ ആയി സര്‍വ്വീസിലിരിക്കെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം 2006 മെയ് 22ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കി മുന്‍ മന്ത്രി കെ. ഇ ഇസ്‌മയിലിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന എന്‍ ശിശുപാലനെ പ്രൈവറ്റ് സെക്രട്ടറിയാക്കി.
മന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു ഈ നിയമനം. തുടര്‍ന്ന് ശശിധരന്‍ നായര്‍ പിരിഞ്ഞ് പോകാന്‍ അനുമതി ചോദിച്ചെങ്കിലും തുടരാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇദ്ദേഹത്തിനായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ തസ്‌തിക സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ഉയര്‍ത്തുകയും ചെയ്‌തിരുന്നു.
വ്യക്തിഗതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെക്കണ്ട് ഇദ്ദേഹം അതൃപ്‌തി അറിയിച്ചുവെന്നാണ് സൂചന.
മന്ത്രിയുടെ സന്തത സഹചാരിയും പി.എയുമായ രാജീവ് ഈ മാര്‍ച്ചോടെ അധ്യാപനത്തിലേയ്‌ക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ്. പകരക്കാനെ കണ്ടെത്തിയാലുടന്‍ രാജീവിന്റെ രാജിയുണ്ടാകുമെന്നാണ് സൂചന.
ഓഫീസിലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുള്ള യൂസഫ് ഒന്നര വര്‍ഷത്തിനിടെ രണ്ടുതവണ രാജിക്കത്ത് നല്‍കിയിരുന്നു. മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായിരുന്ന പ്രസാദ് ജനയുഗം ആരംഭിച്ചപ്പോള്‍ പത്രത്തിന്റെ മാനേജരുടെ ചുമതലയിലേക്ക് മാറി.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഡി രാജു ഒരു മാസം മുമ്പ് രാജിവെച്ചെങ്കിലും മന്ത്രി അതംഗീകരിക്കാന്‍ തയ്യാറായില്ല. മറ്റൊരു സിപിഐ മന്ത്രിയെ ഇടപെടുവിച്ച് അത് പിന്‍വലിപ്പിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായ ഇദ്ദേഹം തന്റെ വകുപ്പിലേക്ക് തിരിച്ചുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുകുമാരനെ രണ്ടുമാസം മുമ്പ് ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലേയ്‌ക്ക് തിരിച്ചയച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയ്‌ക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാതെ പേഴ്‌സണല്‍ സ്റ്റാഫിനെ ബലിയാടാക്കിയെന്നായിരുന്നു ആരോപണം.
ശിശുപാലന്‍ പ്രൈവറ്റ് സെക്രട്ടറിയായതോടെ ഓഫീസിലെ ഭരണം കയ്യിലെടുത്തതാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി പറയുന്നത്. പരസ്‌പര സഹകരണമില്ലായ്‌മയില്‍ തുടങ്ങി ഓഫീസില്‍ സ്റ്റാഫുകള്‍ തമ്മില്‍ മിണ്ടാട്ടം പോലുമില്ലാത്ത അവസ്ഥയാണിപ്പോള്‍.












Click it and Unblock the Notifications