വ്യാജ മുദ്രപ്പത്ര കേസില്‍ തെല്‍ഗിയ്‌ക്ക് 10 വര്‍ഷം തടവ്
ചെന്നൈ: വ്യാജ മുദ്രപ്പത്ര നിര്‍മാണത്തിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അബ്ദുല്‍ കരീം തെല്‍ഗിയ്‌ക്ക് സിബിഐ കോടതി 10 വര്‍ഷം തടവും മൂന്ന് കോടി രൂപ പിഴയും വിധിച്ചു.
ഗൂഢാലോചന, സര്‍ക്കാര്‍ രേഖകള്‍ ദുരുപയോഗപ്പടുത്തല്‍, വഞ്ചന, തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവ് അനുഭവിയ്‌ക്കണം.
രാജ്യ വ്യാപകമായി നടന്ന 30,000 കോടി രൂപയുടെ മുദ്രപ്പത്ര കുംഭകോണത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന 5000 കോടിയുടെ തട്ടിപ്പ് സിബിഐ പ്രത്യേകം കേസെടുത്ത് അന്വേഷിയ്‌ക്കുകയായിരുന്നു.
വ്യാജമുദ്രപ്പത്ര കുംഭകോണ കേസില്‍ മുമ്പ് തെല്‍ഗിയ്‌ക്ക് പുനെ കോടതി 13 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. പുനെ കോടതിയുടെ ശിക്ഷയോടൊപ്പം ഇപ്പോഴത്തെ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
കേസിലെ മറ്റു പ്രതികളായ അബ്ദുള്‍ വാഹിദ്, ബാലാജി, ജേക്കബ് ചാക്കോ എന്നിവര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിനതടവും വിധിച്ചിട്ടുണ്ട്.












Click it and Unblock the Notifications