ടാഗോറിന്റെ നോബല്‍ മോഷ്ടിച്ചയാളെ പിടികൂടി
ധാക്ക: രവീന്ദ്രനാഥ ടാഗോറിന്റെ നോബല്‍ പ്രൈസ് മെഡല്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പൊലീസ് ഒരാളെ പിടികൂടി.
പശ്ചിമ ബംഗാളിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്നും 2004 മാര്‍ച്ചിലാണ് മെഡല്‍ മോഷ്ടിച്ചത്. ഇത് ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ശനിയാഴ്ച ധാക്കയിലെ അസിംപൂരിലെ വീട്ടില്‍ നിന്നാണ് മുഹമ്മദ് ഹുസൈന്‍ ശിപ്ലു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി ഇന്ത്യക്കാരനായ ജിബോണ്‍ സിംഗുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
സിംഗ് ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ പൊലീസ് ധാക്കയിലെത്തിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് പൊലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
1913ലാണ് ടാഗോറിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. സാഹിത്യത്തിന് നോബല്‍ സമ്മാനം ലഭിച്ച ഏക ഇന്ത്യക്കാരനാണ് ടാഗോര്‍.












Click it and Unblock the Notifications