ബച്ചന്റെ വസതിയ്ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു
മുംബയ്: ബോളിവുഡ് താരം ബച്ചന്റെ വസതിയ്‌ക്കു നേരെ അക്രമം. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു യുവാക്കള്‍ ബച്ചന്റെ ബംഗ്ലാവിനുള്ളിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ബച്ചനു നേരെ വിമര്‍ശനം അഴിച്ചു വിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയ്‌ക്കു നേരെയും അക്രമം ഉണ്ടായിരിക്കുന്നത്.
ബച്ചന്‍ മഹാരാഷ്ട്രയെ അവഗണിയ്‌ക്കുന്നുവെന്ന് ആരോപിച്ചാണ് എംഎന്‍എസ് ബച്ചനു നേരെ തിരിഞ്ഞിരിയ്‌ക്കുന്നത്. പുതുതായി ആരംഭിയ്‌ക്കുന്ന വനിത കോളെജിനായി ബച്ചന്‍ ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തതാണ് എംഎന്‍എസുകാരെ പ്രകോപിപ്പിച്ചത്.
ബച്ചന്റെ നടപടിയെ എംഎന്‍എസ് നേതാവ് രാജ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച എംഎന്‍എസുകാരും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും നടത്തിയ റാലിയ്ക്കിടെ അക്രമം നടന്നിരുന്നു.
അക്രമ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ബച്ചന്റെ ജുഹു ബീച്ചിനരികെയുള്ള വസതിയായ പ്രതീക്ഷയ്‌ക്കു മുന്നില്‍ സുരക്ഷ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപക് അറിയിച്ചു.












Click it and Unblock the Notifications