Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐയുടെ വായടപ്പിക്കാന്‍ സിപിഎം

തിരുവനന്തപുരം : മുന്നണിക്കകത്തും പുറത്തും തങ്ങളെ നിരന്തരം ശല്യം ചെയ്യുന്ന സിപിഐയ്ക്ക് ഉരുളയ്ക്കുപ്പേരി മറുപടിയുമായി ഒടുവില്‍ സിപിഎം മുഖപത്രം രംഗത്ത്.

സിപിഎം നേതാക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമറിയില്ലെന്നും ബുദ്ധി ഉദിക്കുന്നതില്‍ അവര്‍ പത്തു വര്‍ഷം പിറകിലാണെന്നുമുളള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പരിഹാസത്തിന് മറുപടി മിതവും ശക്തവുമായ ഭാഷയില്‍ ദേശാഭിമാനി നല്‍കുന്നു.

ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂര്‍ത്തി എഴുതിയ ലേഖനത്തിലാണ് സൂക്ഷ്മ പരിഹാസത്തില്‍ പൊതിഞ്ഞ വല്യേട്ടന്റെ സ്നേഹശാസനയുളളത്. സിപിഎം നേതാക്കള്‍ക്ക് ചരിത്രമറിയില്ലെന്ന വെളിയത്തിന്റെ വാദത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സമരങ്ങള്‍ എണ്ണിപ്പറഞ്ഞ് മൂര്‍ത്തി കണക്കിന് പരിഹസിക്കുന്നു. 1946ലെയും 1948ലെയും സമരത്തെ തങ്ങള്‍ തളളിപ്പറഞ്ഞിട്ടില്ലെന്നൊരു കൊട്ടും കൂടി നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വം ചെറുപ്പക്കാരും മധ്യവയസ്ക്കരും പ്രായം കൂടിയവരുമൊക്കെ കൂടിച്ചേര്‍ന്നതായിരിക്കണം എന്നാണ് സിപിഎം നയമെന്ന് ദക്ഷിണാമൂര്‍ത്തി സൂചിപ്പിക്കുന്നു. മറിച്ചാണ് സിപിഐ നേതൃത്വമെന്ന് വ്യംഗ്യം. വാര്‍ദ്ധക്യം ബാധിച്ചവര്‍ തന്നെ എക്കാലവും പാര്‍ട്ടിയെ നയിക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് വെളിയത്തോട് അപേക്ഷിക്കുമ്പോള്‍ പരിഹാസം പൂര്‍ണമാകുന്നു.

1962ലെ ചൈനാ യുദ്ധകാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലടച്ച കാലത്ത് ഒറ്റുകാരായി പ്രവര്‍ത്തിക്കുകയായിരുന്നു മറുഭാഗമെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

പത്തുവര്‍ഷം കഴിഞ്ഞാണ് സിപിഎം നേതാക്കള്‍ക്ക് ബുദ്ധി ഉദിക്കുന്നതെന്ന പരാമര്‍ശത്തെയും ദക്ഷിണാമൂര്‍ത്തി കണക്കിന് കളിയാക്കുന്നു. ചൈനയുമായുളള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു തങ്ങളുടെ അഭിപ്രായമെന്നും എന്നാല്‍ രാമ രാവണ യുദ്ധത്തിന് സമാനമായ യുദ്ധം നടത്തി ഭൂമി വീണ്ടെടുക്കണമെന്നാണ് സിപിഐ നേതാക്കള്‍ പ്രസംഗിച്ചത്. കേന്ദ്രഭരണത്തില്‍ പങ്കാളിയാവുകയും ഇന്ദ്രജിത് ഗുപ്തയ്ക്ക് ആഭ്യന്തരം കിട്ടുകയും ചെയ്തപ്പോഴും സിപിഐ യുദ്ധം ചെയ്യാന്‍ മുതിര്‍ന്നില്ല എന്ന് ചൂണ്ടിക്കാട്ടി, ആര്‍ക്കാണ് ബുദ്ധി വൈകി ഉദിക്കുന്നതെന്ന് ദക്ഷിണാമൂര്‍ത്തി ചോദിക്കുന്നു.

1975ലെ അടിയന്തരാവസ്ഥയെ പിന്തുണച്ച സിപിഐയ്ക്ക് അത് തെറ്റായിപ്പോയെന്ന് മനസിലാക്കാന്‍ ഭട്ടിന്‍ഡാ കോണ്‍ഗ്രസു വരെ കാത്തിരിക്കേണ്ടി വന്ന കാര്യം മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കാണ് ബുദ്ധി വൈകി ഉദിക്കുന്നതെന്ന ചോദ്യം പിന്നാലെ.

(1975ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെയും അടിയന്തരാവസ്ഥയെയും പിന്തുണച്ച സിപിഐ, 1978ല്‍ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ നിലപാട് തെറ്റായിപ്പോയെന്ന് കുമ്പസരിച്ചത്. ഇന്ദിരയെ പിന്തുണച്ച എസ് എ ഡാങ്കേയുടെ നിലപാടിനെ സി രാജേശ്വര റാവുവിന്റെ നേതൃത്വത്തിലുളള വിഭാഗം എതിര്‍ത്ത് പരാജയപ്പെടുത്തുകയും ഡാങ്കേയെ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് സിപിഐ അന്തിമമായി സിപിഎം നേതൃത്വം നല്‍കുന്ന ഇടതു പാളയത്തിലെത്തിയത്)

ഡാങ്കേയെ വിലയിരുത്തുന്ന കാര്യത്തിലും ആര്‍ക്കാണ് ബുദ്ധി വൈകി ഉദിച്ചതെന്ന് മൂര്‍ത്തി ചോദിക്കുന്നത് ഈ സംഭവം മനസിലോര്‍ത്താണ്. ഡാങ്കേയെ പുറത്താക്കണമെന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, പിന്നീട് സിപിഎം ആയവര്‍ എതിര്‍ത്ത കാര്യവും ദക്ഷിണാമൂര്‍ത്തി വെളിയം ഭാര്‍ഗവനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

1962, 1965 കാലത്ത് ചൈനാ യുദ്ധത്തിന്റെ പേരിലും 1975ല്‍ അടിയന്തരാവസ്ഥയുടെ പേരിലും തങ്ങളുടെ നേതാക്കള്‍ ജയില്‍വാസം അനുഭവിച്ച കാര്യം മൂര്‍ത്തി എടുത്തു പറയുന്നു. പരിഹാസവും വിമര്‍ശനവും തീര്‍ത്തും വ്യക്തം. ആ കാലത്ത് സിപിഎം നേതാക്കളെ പൊലീസിന് ഒറ്റികൊടുക്കാന്‍ മുന്നില്‍ നിന്നവരില്‍ സിപിഐ നേതാക്കളാണ് ഉണ്ടായിരുന്നത്.

രാജ്യത്താകെ സിപിഎം നേതാക്കള്‍ വേട്ടയാടപ്പെട്ട കാലത്ത് ഭരണത്തിന്റെ സുഖം ആവോളം നുകര്‍ന്നവരാണ് സിപിഐ നേതാക്കള്‍ എന്ന് ദക്ഷിണാമൂര്‍ത്തി വെളിയത്തോട് പറയാതെ പറയുന്നു.

പഴയ ചരിത്രമൊന്നും ഓര്‍ക്കാതെ അധിക്ഷേപിക്കരുതെന്നും അപമാനിക്കാന്‍ ശ്രമിക്കരുതെന്നും സ്നേഹബുദ്ധ്യാ മുന്നറിയിപ്പ് നല്‍കിയാണ് ദക്ഷിണാമൂര്‍ത്തിയുടെ ലേഖനം അവസാനിക്കുന്നത്.

ഇതു കൂടാതെ ശതമന്യുവിന്റെ പ്രതിവാര കോളത്തിലും സിപിഐയെയും വെളിയം ഭാര്‍ഗവനെയും കുടയുന്നുണ്ട്. ത്യാഗമെന്നത് ചക്കയോ മാങ്ങയോ എന്നറിയാന്‍ വെളിയം ഭാര്‍ഗവനോട് ചോദിക്കണമെന്നും, സ്വയം കുത്തു കൊളളാന്‍ ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ചിലര്‍ സിപിഎമ്മിനെ കുത്തുമെന്നും ശതമന്യുവും പരിഹസിക്കുന്നു.

സിപിഐയുടെ ഹാലിളക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സിപിഎം ഔദ്യോഗികപക്ഷം ഉറച്ചിരിക്കുന്നു എന്നതിന്റെ സൂചനയായി ദക്ഷിണാമൂര്‍ത്തിയുടെ ലേഖനവും കോളമിസ്റ്റിന്റെ പരിഹാസവും തെളിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+