തീവണ്ടി തട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു
കോയമ്പത്തൂര്‍: പാലക്കാട് കോയമ്പത്തൂര്‍ റെയില്‍പ്പാളത്തില്‍ മധുക്കരെയ്‌ക്കടുത്ത് തീവണ്ടിതട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു.
തിങ്കളാഴ്‌ച പുലര്‍ച്ചെ 1.30നുണ്ടായ അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടിലുള്ള തീവണ്ടിഗതാഗതം താറുമാറായി. മൂന്ന് വണ്ടികള്‍ റദ്ദാക്കി. ഇരുഭാഗത്തുനിന്നും വന്ന വണ്ടികള്‍ പോത്തന്നൂരിലും വാളയാറിലുമായി പിടിച്ചിട്ടു. ഈറോഡില്‍ സര്‍വ്വീസ് കഴിഞ്ഞ് പാലക്കാട്ടേയ്‌ക്ക് മടങ്ങുകയായിരുന്ന പാലക്കാട്-ഈറോഡ് പാസഞ്ചര്‍ തീവണ്ടി തട്ടിയാണ് ഒരു പിടിയാനയും രണ്ട് കൊമ്പന്‍മാരും ചരിഞ്ഞത്.
പിടിയാന 18മാസം ഗര്‍ഭിണിയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രസവിച്ചെങ്കിലും കുട്ടിക്കൊമ്പനും
ചരിഞ്ഞു. പിടിയാനയ്‌ക്ക് 25വയസ്സും കൊമ്പന്മാര്‍ക്ക് 30തും എട്ടും വയസ്സാണ് പ്രായം. തീവണ്ടിയില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗര്‍ഭിണിയായ ആന തീവണ്ടിയെന്‍ജിന്‍ തട്ടിയും മറ്റുള്ളവ ബോഗികളുടെ വശങ്ങളില്‍ത്തട്ടിയുമാണ് ചരിഞ്ഞത്.
പാളത്തില്‍ ആന നില്‍ക്കുന്നത് കണ്ട് വേഗം കുറച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് എന്‍ജിന്‍ ഡ്രൈവര്‍ അയ്യപ്പന്‍ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ആനകളുടെ ജഡങ്ങള്‍ കത്തിച്ചു.
സംഭവത്തെക്കുറിച്ച് റയില്‍വേ അന്വേഷണം ആരംഭിച്ചു. റയില്‍പ്പാത വനമേഖലകളില്‍ക്കൂടി കടന്നുപോകുന്നസ്ഥലങ്ങളില്‍ വന്യമൃഗങ്ങളുടെ സുരക്ഷിതത്വത്തിനായി എന്ത് ചെയ്യാനാവുമെന്നത് സംബന്ധിച്ചാണ് റയില്‍വേ അടിയന്തര അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications