ബംഗാളില്‍ പോലീസ് വെടി വെയ്‌പില്‍ അഞ്ചു മരണം
സിലിഗുഡി: ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് റാലിയ്‌ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്‌പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഫോര്‍വേഡ് ബ്ലോക്ക് ആഹ്വാനം ചെയ്‌ത ബംഗാള്‍ ബന്ദ് ആരംഭിച്ചു. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ചയാണ് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് നടത്തിയ റാലിയ്‌ക്കു നേരെ വെടിവെയ്‌പ്പുണ്ടായത്. നിയമലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായി വടക്കന്‍ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയില്‍ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ നടത്തിയ റാലി അക്രമാസക്തമായതിനെ തുടര്‍ന്നാണ് പോലീസ് വെടിവെയ്‌പ്പുണ്ടായത്.
പ്രതിപക്ഷകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇടതു ഘടകകക്ഷികളായ ആര്‍എസ്‌പിയും സോഷ്യലിസ്‌റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുമുന്നണി ഭരണത്തിന് കീഴില്‍ ആദ്യമായാണ് ഒരു ഘടകകക്ഷി മുന്നണിയ്‌ക്കെതിരെ ബന്ദ് നടത്തുന്നത്.
പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് വെടിവെച്ചതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവവ്രത ബിശ്വാസ് പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ ഫോര്‍വേഡ് ബ്ലോക്ക് ഇടതുമുന്നണി വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പോലീസ് വെടിവെയ്‌പിനെ സിപിഎം ന്യായീകരിച്ചിട്ടുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി അക്രമം നടത്തുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിറക്കി.
സംഭവം ഇടതുമുന്നണിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. മുന്നണിയെ സംരക്ഷിയ്‌ക്കാനുള്ള ബാധ്യത ഘടക കക്ഷികള്‍ക്കുമുണ്ടെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.












Click it and Unblock the Notifications