ഉറങ്ങാന്‍ മാധ്യമങ്ങളുടെ പരിലാളന വേണ്ടെന്ന് പിണറായി
തിരുവനന്തപുരം: മാധ്യമങ്ങളുടെ പരിലാളനയേറ്റാലേ ഉറങ്ങാനാവൂയെന്ന അവസ്ഥയിലല്ല താനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമങ്ങളുമായി ചങ്ങാത്തം കൂടി നടക്കാന്‍ താന്‍ നില്‍ക്കാറില്ലെന്നും പിറണായി പറഞ്ഞു.
ഈ മനോഭാവം ശത്രുതയായി കരുതേണ്ടതില്ല. സ്വഭാവത്തിന്റെ പ്രത്യേകതയാണ്. മാറിമാറി വരുന്ന സംവിധായകര്‍ക്ക് മുന്നിലെ അഭിനയമല്ല കമ്യൂണിസ്റ്റുകാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം. ചില മാധ്യമങ്ങളില്‍ ചിലരുടെ നിലാപാടുകള്‍ ശരിയല്ലെന്ന് തോന്നുമ്പോള്‍ തുറന്നുപറയും.
മാധ്യമവിമര്‍ശനങ്ങളെ സഹിഷ്‌ണുതയോടെയാണ് കാണുന്നത്. മാധ്യമങ്ങളും വിമര്‍ശനങ്ങളെ അങ്ങനെതന്നെ കാണണം. മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മില്‍ ആരോഗ്യകരമായ പരസ്‌പരബന്ധത്തിലൂടെയാണ് നീങ്ങേണ്ടത്- അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ 2007 പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു പിണറായി.
വാര്‍ത്തയിലെ വ്യക്തിയായി എന്നെ തിരിഞ്ഞെടുത്തപ്പോള്‍ അത്ഭുതം തോന്നി. വാര്‍ത്തകള്‍കൊണ്ട് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട വ്യക്തിയാണു ഞാന്‍. ചില മാധ്യമങ്ങള്‍ ശത്രുതയോടെ വളഞ്ഞുവച്ച് ആക്രമിച്ചു. അസത്യവും കല്‍പിത കഥകളും കൊണ്ട് പത്രങ്ങളില്‍ എഴുതി നിറച്ചു.
വാര്‍ത്തകൊണ്ട് ഒരു വഴിയ്‌ക്ക് ആക്രമിക്കപ്പെടുമ്പോഴും മറുവശത്തു കൂടുതല്‍പ്പേര്‍ വോട്ടുചെയ്‌തു. വോട്ട് ചെയ്യുന്നത് പോസിറ്റീവ് സമീപനമുള്ളവരാണ്. ശത്രുവിന് ആരും വോട്ട് ചെയ്യാറില്ലല്ലോ- അദ്ദേഹം ചോദിച്ചു.
വ്യക്തിപരമായ ലാഭം നോക്കാതെ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നല്ലതെന്ന് തോന്നുന്ന നിലപാടുകളാണ് ഞാന്‍ സ്വീകരിക്കുന്നത്. അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. ഇത്തരം നിലപാടുകളുടെ അടിസ്ഥാനത്തിലാണ് എനിയ്‌ക്ക് വാര്‍ത്താ പ്രാധാന്യം ലഭിച്ചത്.
നിലപാടെടുക്കുമ്പോള്‍ ആരുടെയും അപ്രിയം കണക്കിലെടുക്കാറില്ല. വ്യക്തി നല്ലതാണോ എന്നല്ല പ്രസ്ഥാനത്തിനും സമൂഹത്തിനും നല്ലതാണോ എന്നാണ് നോക്കുക- അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവും ദി ട്രിബ്യൂണ്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ എച്ച് കെ ദുവയാണ് പിണറായിയ്‌ക്ക് പുരസ്‌കാരം സമ്മാനിച്ചത്.












Click it and Unblock the Notifications