ശബരിമല : ദേവസ്വം ബോര്‍ഡ് വെട്ടില്‍
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നതിനെ അനുകൂലിച്ച് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ വെട്ടിലായത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരെ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണ സമിതി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം ഭരിക്കുന്ന ദേവസ്വം ബോര്‍ഡ്.
പഴയ ഭരണസമിതിയുടെ സത്യവാങ്മൂലം പുതുക്കി സമര്‍പ്പിക്കാന്‍ നിയമപ്രകാരം ദേവസ്വം ബോര്‍ഡിന് കഴിയില്ല. കേസില്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തെ അനുകൂലിച്ച് പുതിയ ബോര്‍ഡ് വാദം പറയേണ്ടി വരും.
ഇടതുമുന്നണി നിയോഗിച്ച ദേവസ്വം ബോര്‍ഡും ഇടതു സര്‍ക്കാരും തമ്മിലാണ് ഫലത്തില്‍ സുപ്രിം കോടതിയില്‍ ഏറ്റുമുട്ടല്‍ നടക്കുക. മാര്‍ച്ച് ആദ്യം കേസ് പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരും എതിര്‍ചേരികളില്‍ നിന്ന് അങ്കം വെട്ടും.
ദേവസ്വം ബോര്‍ഡിന്റെയും ഹിന്ദുമത യാഥാസ്ഥിതികരുടെയും നെറ്റി ചുളിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉളളത്. ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാപരമാണെന്നും എന്തെങ്കിലും കാരണം പറഞ്ഞ് ഏതെങ്കിലും ഒരു വിഭാഗത്തിന് അത് നിഷേധിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നും സത്യവാങ്മൂലം പറയുന്നു.
ശബരിമല മുമ്പ് ബുദ്ധവിഹാരമായിരുന്നു എന്ന വാദത്തെയാണ് സര്‍ക്കാര്‍ പിന്താങ്ങുന്നത്. നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ്മ, ടി എന്‍ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ശബരിമലയെക്കുറിച്ച് നടത്തിയ പഠനങ്ങളും തങ്ങളുടെ നിലപാട് സാധൂകരിക്കാന്‍ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
അയ്യപ്പന്‍ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമര്‍ത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂര്‍ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം.
പുരാണങ്ങളും ഐതിഹ്യങ്ങളും സമൃദ്ധമായി ഉദ്ധരിച്ച് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ ഏത് രീതിയിലാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സമീപിക്കുന്നതെന്നറിയാനാണ് ഭക്തര്‍ കാതോര്‍ത്തിരിക്കുന്നത്.












Click it and Unblock the Notifications