ദില്ലിയില്‍ മൊബൈല്‍ സ്കൂളുകള്‍ വരുന്നു
ദില്ലി: തെരുവ് കുട്ടികള്‍ക്കും കുട്ടിത്തൊഴിലാളികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദില്ലി നഗരത്തില്‍ സഞ്ചരിക്കുന്ന സ്കൂളുകള്‍ തുടങ്ങുന്നു.
എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് പുതിയ രീതികള്‍ അവലംബിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദില്ലി സര്‍ക്കാര്‍ സഞ്ചരിക്കുന്ന സ്കൂളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
ദില്ലി സര്‍ക്കാര്‍ മൊബൈല്‍ സ്കൂളുകള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ തൊഴിലെടുക്കുന്ന ഇടങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.
കുട്ടികളില്‍ കൗതുകം ജനിപ്പിക്കുന്ന രീതികളിലൂടെ അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് മൊബൈല്‍ സ്കൂളുകളില്‍ ചെയ്യുക. വര്‍ണാഭമായ ബ്ലോക്കുകളും മറ്റും ഉപയോഗിച്ച് ഇവരെ അക്ഷരമാല പഠിപ്പിക്കും. കുട്ടികള്‍ക്ക് ബ്രഷുകളും ചായവും നല്‍കി അവരില്‍ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തും.
കേന്ദ്രഭരണ പ്രദേശങ്ങളിലും രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം ഓരോ കുട്ടിക്കുമെത്തിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവമനുസരിച്ചുള്ള പരിപാടികളാവും സംഘടിപ്പിക്കുക. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫണ്ട് നല്‍കും.












Click it and Unblock the Notifications