ഐടി: തൊഴില്‍ സുരക്ഷ ഇല്ലാതാവുന്നു
ബാംഗ്ലൂര്‍: ഐബിഎം, ടിസിഎസ് എന്നീ ഐടി ഭീമന്‍മാര്‍ അഞ്ഞൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഐടി കമ്പനികളിലെ ജീവനക്കാരില്‍ തൊഴില്‍ സുരക്ഷയെ കുറിച്ച് ആശങ്കകളേറുന്നു.
വളരെ ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്ന സോഫ്റ്റ്വേര്‍ കമ്പനികളിലെ ജീവനക്കാര്‍ ഇപ്പോള്‍ തങ്ങളുടെ ഭാവിയെ കുറിച്ച് നേരത്തേതു പോലെ ശുഭാപ്തിവിശ്വാസികളല്ല. ഐബിഎമ്മിനെയും ടിസിഎസിനെയും പിന്തുടര്‍ന്ന് മറ്റു പല പ്രമുഖ കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം നടത്തുമോയെന്ന ആശങ്കയിലാണ് അവര്‍.
യുഎസിലെ സാമ്പത്തികമാന്ദ്യവും ഡോളറിന്റെ മൂല്യത്തിലെ ഇടിവുമാണ് ഐടി കമ്പനികളുടെ വരുമാനത്തെ ബാധിക്കുന്നത്. തൊഴില്‍ സുരക്ഷക്ക് ഭീഷണിയേറുന്നതിന് പുറമെ നിലവിലുള്ള ജീവനക്കാര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ഉയര്‍ന്ന ശമ്പള വര്‍ദ്ധനവും ഇല്ലാതാവുകയാണ്.
ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള പല പ്രമുഖ കമ്പനികളും ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവും ബോണസും പരിമിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പള വര്‍ദ്ധനവ് ഏഴ് ശതമാനം മാത്രമാണ്.
ജോലിയിലെ മികവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്ന പാക്കേജുകളില്‍ ജോലിയിലെ പ്രകടനം മോശമായതിനാല്‍ ശമ്പളത്തിലെ നിശ്ചിത ശതമാനം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളും ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം ജീവനക്കാരുടെ നിലവാരം മോശമായതു കൊണ്ടു മാത്രമാണ് ഐബിഎമ്മും ടിസിഎസും 500 ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ഇതിന് യുസിലെ സാമ്പത്തിക മാന്ദ്യവുമായും ഡോളറിന്റെ മൂല്യത്തിലെ ഇടിവുമായും കാര്യമായ ബന്ധമൊന്നുമില്ലെന്നും ഐടി രംഗത്തെ തലവന്‍മാര്‍ പറയുന്നു. എന്നാല്‍ ഇത്തരം വിശദീകരണങ്ങളൊന്നും ഐടി കമ്പനികളിലെ ജീവനക്കാരുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നില്ല.












Click it and Unblock the Notifications