മാനഭംഗശ്രമം നടത്തിയ ഡോക്ടര്‍ക്ക് സ്ഥാനക്കയറ്റം
ആലപ്പുഴ: ചികിത്സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡോക്ടര്‍ക്ക് ഉദ്യോഗക്കയറ്റം.
ആലപ്പുഴ മെഡിക്കല്‍ കോളെജിലെ അസ്ഥിരോഗ വിഭാഗം സീനിയര്‍ ലക്‌ചറര്‍ ഡോക്ടര്‍ പി. ശ്യാമിനാണ് ഉദ്യോഗക്കയറ്റം ലഭിച്ചത്. ശ്യാമിനെ അസിസ്റ്റന്റ് പ്രൊഫസറാക്കുന്നതിനുള്ള ഉത്തരവ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനാണ് ലഭിച്ചത്.
ചികിത്സയ്‌ക്കെത്തിയ ഹരിപ്പാട് സ്വദേശിനിയെ ശ്യാം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് ആലപ്പുഴ സൗത്ത് പൊലീസ് ശ്യാമിനെതിരെ രജിസ്റ്റര്‍ ചെയ്‌തത്. മൂന്നാഴ്‌ച മുമ്പാണ് ശ്യാമിനെതിരെ പീഡനാരോപണം ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ മൂന്നംഗ അന്വേഷണസമിതിയെ നിയോഗിച്ചു.
സമിതിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ഡിഎംഇയുടെ പരിഗണനയിലാണ്. അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്ന് സമിതി അംഗങ്ങളായി ഗൈനക്കോളജി വിഭാഗത്തിലെ വനിതാ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.
സ്ഥാനക്കയറ്റ തീരുമാനം മൂന്നുമാസം മുമ്പുള്ള വകുപ്പുതല സ്ഥാനക്കയറ്റ സമിതി എടുത്തതാണെന്ന് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ പി.വി രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണ സമതി റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications