കമ്യൂണിസ്‌റ്റ് ഐക്യം സംഭവിച്ചേയ്‌ക്കാമെന്ന് വി.എസ്
കോഴിക്കോട്: കമ്യൂണിസ്‌റ്റ് ഐക്യം ചിലപ്പോള്‍ സംഭവിച്ചേയ്‌ക്കാമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. താനും അച്യുതാനന്ദനും ജീവിച്ചിരിക്കുമ്പോല്‍ കമ്യൂണിസ്‌റ്റ് ഐക്യം യാഥാര്‍ത്ഥ്യമാക്കണമെന്ന സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞകാര്യം ആഗ്രഹം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു വി.എസ് ഇങ്ങനെ പ്രതികരിച്ചത്.
കമ്യൂണിസ്റ്റ് ഐക്യം തള്ളിക്കളയാനാകില്ല. കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് ഞങ്ങള്‍ സൗഹൃദപരമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യും. ഇടത് മതനിരപേക്ഷഐക്യം വളര്‍ത്തിക്കൊണ്ട് വന്ന് അതിന്റെ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് ഐക്യം സംഭവിച്ചെന്നുവരാം- അദ്ദേഹം പറഞ്ഞു.
മാറാട് കലാപത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് സഹായധനം വിതരണം ചെയ്‌തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
ഭൂമാഫിയകള്‍ എല്‍ഡിഎഫ് സര്‍ക്കാറിനോടുള്ള ദേഷ്യം പലരൂപത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കൈക്കൊണ്ട ശക്തമായ നിലപാട് കാരണമാണ് ചിലര്‍ എന്നെ അപഹസിക്കാന്‍ ശ്രമിക്കുന്നത്. ഹവാലപ്പണവും കള്ളപ്പണവും ഒഴുക്കി ചിലര്‍ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് തടയാന്‍ പല ചട്ടങ്ങളും ഉണ്ടാക്കി സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ അത് ഭൂമാഫിയയെ ചൊടിപ്പിച്ചു.
ആരാണ് ഈ ഭൂമാഫിയക്കാര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയെ പ്രതിനായക കഥാപാത്രമാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് ചോദിച്ചതിനുള്ള മറുപടിയായാണ് അദ്ദേഹം ഇത്രയും പറഞ്ഞത്.
മമ്മൂട്ടി നായകനായ രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ മുഖ്യമന്ത്രിയെയും മകനെയം പ്രതിനായക സ്‌പര്‍ശമുള്ള കഥാപാത്രങ്ങളായാണ് അവതരിപ്പിച്ചത്.
ലീഗുമായി ചേര്‍ന്നതില്‍ പാര്‍ട്ടിയ്‌ക്കു കുറ്റബോധം
മുസ്ലിം ലീഗുമായി ഒന്നുരണ്ട് തവണ സിപിഎം സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും പാര്‍ട്ടി പിന്നീട് ഈ തെറ്റ് തിരുത്തിയെന്നും സഹായധനം വിതരണം ചെയ്‌തുകൊണ്ട് വി.എസ് പറഞ്ഞു.
ലീഗുമായി സഖ്യമുണ്ടാക്കിയതില്‍ പാര്‍ട്ടിയ്‌ക്ക് കുറ്റബോധമുണ്ട്. മതനിരപേക്ഷ ശക്തികകൂട്ടായ്‌മയാണ് വേണ്ടതെന്ന നിലപാടിലാണ് ആ കൂട്ടുകെട്ട് ഒഴിവാക്കിയത്.
കമ്യൂണിസ്റ്റുകാര്‍ ചൈനീസ് ചാരന്‍മാരാണെന്നും മുസ്ലിം ലീഗുകാര്‍ പാകിസ്‌താന്‍ ചാരന്മാരാണെന്നും പ്രചാരണം ശക്തമായ ഘട്ടത്തിലാണ് ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടിയും യോജിച്ചത്. ചൈന യുദ്ധകാലത്ത് ഇന്ത്യയ്‌ക്ക് പോരാടി ജയിക്കാമെന്ന് അവിഭക്ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ ചെറു ന്യൂനപക്ഷം വാദിച്ചു.
ചര്‍ച്ചകളിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. പിന്നീട് യുദ്ധത്തില്‍ ക്ഷീണം നേരിട്ടപ്പോള്‍ ഇവര്‍ നിലപാട് മാറ്റി- അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പിന്നീട് സംസാരിച്ചത് സിപിഐ മന്ത്രി ബിനോയ് വിശ്വമായിരുന്നു. സിപിഐ നിലപാട് വിശദീകരിച്ച് അദ്ദേഹം വി.എസിന് മറുപടി നല്‍കി.
ചൈനയുമായി യുദ്ധത്തിലൂടെ മാത്രമേ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന് സിപിഐ നിലപാടെടുത്തിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications