ബ്രഹ്മപുരം: പദ്‌മരാജനടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം
തൃശൂര്‍: ബ്രഹ്മപുരം വൈദ്യുത നിലയ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായിരുന്ന സി.വി പദ്‌മരാജനടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
കേസ് അന്വേഷിച്ച എറണാകുളം വി.എ.സി.ബി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതിക്കേസ് ഇതോടെ വഴിത്തിരവിലെത്തിയിരിക്കുകയാണ്.
യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന സി.വി പദ്‌മരാജന്‍ കേസിലെ അഞ്ചാം പ്രതിയാണ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവരില്‍ മുന്‍ കെഎസ്‌ബി ചീഫ് എഞ്ചീനിയര്‍ ജെ. ചന്ദ്രശേഖരന്‍ ജീവിച്ചിരിപ്പില്ല. ഫ്രാന്‍സിലെ എസ്‌ഇഎംടി കമ്പനി പ്രതിനിധികളും ഡീസല്‍ പവര്‍ പ്ലാന്റുമായി ബനധപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
1999ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്. 1991 ലെ യുഡിഎഫ് ഗവണ്‍മെന്റാണ് സംസ്ഥാനത്ത് പാരമ്പര്യ ഊര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതിനു വേണ്ടി ഫ്രാന്‍സിലെ എസ്‌ഇഎംടി കമ്പനിയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതോടെയാണ് ബ്രഹ്മപുരം ഡീസല്‍ വൈദ്യുത പദ്ധതി ആരംഭിയ്‌ക്കാനുള്ള നടപടികള്‍ ആരംഭിയ്‌ക്കുന്നത്. കമ്പനിയുടെ ചെലവില്‍ ഫ്രാന്‍സിലെത്തി കരാറില്‍ ഒപ്പു വെച്ചെങ്കിലും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല.
പിന്നീട് അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന സി.വി പദ്‌മരാജന്‍ പദ്ധതിയ്‌ക്ക് അനുമതി നല്‌കുകയായിരുന്നു. 1993 ഡിസംബര്‍ 14ന് ഒപ്പു വെച്ച കരാര്‍ മൂലം സംസ്ഥാന സര്‍ക്കാരിന് അഞ്ചു കോടിയോളം രൂപ നഷ്ടം വന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
ഇത് കൂടാതെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാമതൊരു കേസിന് കൂടി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഇടപാടില്‍ സര്‍ക്കാരിന് 1.38 കോടിയോളം രൂപ നഷ്ടം വന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications