മൊബൈല്‍ ഫോണുകള്‍ ഇരുമ്പുമറയില്‍
കോട്ടയം: മാധ്യമങ്ങളെ ഒരു തരത്തിലും സമ്മേളന രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സിപിഎം. സംസ്ഥാന സമ്മേളനം നടക്കുന്ന കോട്ടയത്തെ മാമന്‍ മാപ്പിള ഹാളില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള സംഭാഷണം പോലും അസാധ്യം.
മൊബൈല്‍ ഫോണ്‍ സംഭാഷണം വിലക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമ്മേളനം നടക്കുന്ന കോട്ടയത്തെ മാമന്‍ മാപ്പിള ഹാളില്‍ മൊബൈല്‍ ഫോണ്‍ ജാമ്മറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. എല്ലാ മൊബൈല്‍ ഫോണുകളും ഇവിടെ ഔട്ട് ഒഫ് റേഞ്ചാണ്.
സമ്മേളന വേദിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രതിനിധികള്‍ക്കും മൊബൈല്‍ ഫോണ്‍ ജാമ്മറുകളുടെ ഇടപെടല്‍ അനുഭവപ്പെട്ടു. തിങ്കളാഴ്ച സമ്മേളനത്തിന്റെ തുടക്കത്തിലെ മൊബൈല്‍ ഫോണുകള്‍ ഔട്ട് ഒഫ് റേഞ്ചായിരുന്നു. പ്രകാശ് കാരാട്ടിന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ റേഞ്ച് കിട്ടിയെങ്കിലും പിന്നീട് പഴയതു പോലെ തന്നെയായി.
സമ്മേളനം സമാപിക്കുന്ന വ്യാഴാഴ്ച വരെ മൊബൈല്‍ ഫോണ്‍ ജാമ്മറുകളുടെ നിയന്ത്രണത്തിലായിരിക്കും മാമന്‍ മാപ്പിള ഹാള്‍. സമ്മേളന രഹസ്യങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനായി സമ്മേളന പ്രതിനിധികളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനായി വൊളന്റിയര്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ട യാതൊരു സംവിധാനവും മാമന്‍ മാപ്പിള ഹാളില്‍ ഒരുക്കിയിട്ടില്ല. സമ്മേളന വേദിയില്‍ മീഡിയാ സെന്ററില്ല. ഇന്റര്‍നെറ്റ്, ഫാക്സ് തുടങ്ങിയ സജ്ജീകരണങ്ങളുമില്ല. മാധ്യമങ്ങളോടുള്ള ഈ സമീപനത്തെ കുറിച്ച് സ്വാഗത കമ്മിറ്റിയിലെ അംഗം തന്നെ വ്യക്തമാക്കുന്നു- സമ്മേളനം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗവും സമാപന റാലിയും മാത്രമേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുള്ളൂ.
ഉദ്ഘാടന പ്രസംഗം കഴിഞ്ഞാല്‍ സമാപന ദിവസം മാത്രം മാധ്യമ പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തെത്തിയാല്‍ മതിയെന്നാണ് സ്വാഗത കമ്മിറ്റി അംഗം നല്‍കുന്ന സൂചന.












Click it and Unblock the Notifications