പിബിയ്ക്ക് മുന്നറിയിപ്പ്, വിഎസിന് വിമര്‍ശനം
കോട്ടയം : സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ ഔദ്യോഗിക പക്ഷം കടുത്ത വിമര്‍ശനം തുടരുന്നു.
അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി മുന്നോട്ടു പോവുന്നത് പാര്‍ട്ടിക്കും ഭരണത്തിനും നല്ലതല്ലെന്ന സൂചന പൊളിറ്റ് ബ്യൂറോയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഔദ്യോഗികപക്ഷം. അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും, രണ്ടു ദിവസമായി മുഖ്യമന്ത്രിയെ കടിച്ചുകീറുന്ന ചര്‍ച്ചയുടെ മുന അതുതന്നെയാണ്.
ഒന്നുകില്‍ വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തി സംസ്ഥാനത്ത് ഇനിയും വിവാദങ്ങളുടെ മലവെളളപ്പാച്ചില്‍ സൃഷ്ടിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുക. അല്ലെങ്കില്‍ ഒരു നിമിഷം മുമ്പേ മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്നും മാറ്റുക. കൂട്ടിക്കിഴിച്ചാല്‍ ഈ വിധത്തില്‍ എത്തും വിധമാണ് സമ്മേളനത്തിലെ ചര്‍ച്ച പുരോഗമിക്കുന്നത്.
വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഔദ്യോഗിക പക്ഷം തുറന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ അങ്ങനെ തീരുമാനിച്ചില്ലെങ്കില്‍, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നോട്ടു പോക്ക് സുഗമമായിരിക്കില്ല എന്ന മുന്നറിയിപ്പ് ചര്‍ച്ചയില്‍ മുഴങ്ങുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഒറ്റയാന്‍ പോക്കിനും സഹമന്ത്രിമാരെ ഒറ്റപ്പെടുത്തി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുളള ശ്രമങ്ങള്‍ക്കുമെതിരെയാണ് വിമര്‍ശനം.
മൂന്നാര്‍ നടപടിയും എച്ച്എംടി വിവാദവുമാണ് പ്രതിനിധി ചര്‍ച്ചയുടെ രണ്ടാം ദിവസം നിറഞ്ഞു നിന്നത്. എച്ച്എംടി വിവാദത്തില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും കയ്യൊഴിയുന്ന നിലപാടാണ് എറണാകുളം ജില്ലാ കമ്മിറ്റി കൈക്കൊണ്ടതെന്നാണ് സൂചനകള്‍. സൈബര്‍ സിറ്റി ഉദ്ഘാടനത്തില്‍ നിന്ന് വിഎസ് പൊടുന്നനെ പിന്‍മാറിയത് ജില്ലയിലെ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കമ്മിറ്റിക്കും വളരെ നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്.
പ്രതിനിധി ചര്‍ച്ചയില്‍ വിഎസ് പക്ഷത്തു നിന്നും നാമമാത്രമായ പങ്കാളിത്തമാണുളളത്. ആകെ 54 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ വിഎസ് വിഭാഗത്തില്‍ നിന്നും വെറും ഒമ്പതുപേര്‍ മാത്രം. അവര്‍ തന്നെ വിഎസിനെ എത്രകണ്ട് പിന്തുണയ്ക്കുമെന്ന് സംശയത്തിലുമാണ്.
ചുരുക്കത്തില്‍ പൊളിറ്റ് ബ്യൂറോയ്ക്ക് മുന്നില്‍ വിഎസ് അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയെക്കുറിച്ച് തങ്ങള്‍ക്ക് പറയാനുളളതെല്ലാം അവതരിപ്പിക്കുക എന്ന ഔദ്യോഗിക പക്ഷത്തിന്റെ നിശ്ചയം പിഴവില്ലാതെ അരങ്ങേറുകയാണ്. പരമാവധി ജില്ലാ കമ്മിറ്റികളെയും സമ്മേളന പ്രതിനിധികളെയും ഒപ്പം നിര്‍ത്താന്‍ എല്ലാ അടവും പയറ്റിയത്, പിബിയുടെ മുന്നില്‍ വിഎസിന്റെ കുറ്റപത്രം അവതരിപ്പിക്കാനായിരുന്നു എന്ന് വ്യക്തമാകുന്നു.
സംസ്ഥാനത്തെ പാര്‍ട്ടിഘടകത്തിന്റെ കടുത്ത പരാതിയും വിമര്‍ശനവും ഏറ്റുവാങ്ങുന്ന ഒരു മുഖ്യമന്ത്രിയെ നിലനിര്‍ത്തി എത്രകാലം ഇടതുഭരണം മുന്നോട്ടു പോകും എന്ന ചോദ്യത്തിന് പൊളിറ്റ് ബ്യൂറോ സമ്മേളനത്തില്‍ ഉത്തരം പറയേണ്ടി വരും. പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശങ്ങള്‍ക്കോ തീര്‍പ്പുകള്‍ക്കോ വിഎസും ഒരുവിലയും കല്‍പ്പിക്കാതിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കാര്യത്തില്‍ പിബിയ്ക്ക് ഖണ്ഡിതമായ തീരുമാനമെടുത്തേ മതിയാവൂ.
ഒരുതരത്തിലും അടുക്കാനാവാത്ത വിധം അകന്നു പോയ രണ്ടുവിഭാഗങ്ങളെ ഭരണത്തിന്റെയും പാര്‍ട്ടിയുടെയും നേതൃത്വതലത്തില്‍ നിലനിര്‍ത്തി മുന്നോട്ടു പോവുക എന്ന സര്‍ക്കസിന് അധികം ആയുസ്സുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് കോട്ടയം സമ്മേളനം പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കുന്നത്.












Click it and Unblock the Notifications