മുഖ്യമന്ത്രിയായി വി.എസ് തുടരുമെന്ന് കാരാട്ടിന്റെ സൂചന
കോട്ടയം: മുഖ്യമന്ത്രിയായി വി.എസ് അച്യുതാനന്ദന്‍ തുടരുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സൂചന നല്‍കി.
വികസനകാര്യത്തില്‍ കേരളം ഏറെ മുന്നോട്ടുപോയി. വികസനപ്രവര്‍ത്തനങ്ങളുമായി വി.എസ് സര്‍ക്കാര്‍ ഇനിയും മുന്നോട്ടുപോകുമെന്നുള്ള കാരാട്ടിന്റെ പ്രസംഗം മുഖ്യമന്ത്രി സ്ഥാനത്ത് വി.എസ് തന്നെ തുടരുമെന്നതിന് വ്യക്തമായ സൂചനയാണ് നല്‍കിയത്.
മൂന്നുവര്‍ഷത്തിനുള്ളില്‍ തിളക്കമാര്‍ന്ന ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ പാര്‍ട്ടിയ്‌ക്കു കഴിഞ്ഞു. എണ്ണമറ്റ പോരാട്ടങ്ങളാണ് പാര്‍ട്ടി നടത്തിയത്. ബഹുജനസ്വാധീനം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിയ്‌ക്കു കഴിഞ്ഞു. പുതിയ മേഖലകളിലേയ്‌ക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ഐക്യപ്പെടുത്താനുമായിരിക്കണം സമ്മേളനത്തിലെ ചര്‍ച്ചകള്‍- അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ കേരള ഘടകത്തിന്റെ സംഭാവന മഹത്തരമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കാരാട്ട് പ്രസംഗം തുടങ്ങിയത്. പുന്നപ്ര-വയലാര്‍ സമരത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം ഇഎംഎസ്സിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിച്ചതായി അഭിപ്രായപ്പെട്ടു.
ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടതായിരുന്നു കാരാട്ടിന്റെ പ്രസംഗം. പ്രസംഗത്തില്‍ കേരളത്തിലെ രണ്ടു നേതാക്കളുടെ പേരുമാത്രമാണ് കാരാട്ട് എടുത്തു പറഞ്ഞത്. ഒന്ന് വിഎസിന്റേതും മറ്റൊന്ന് ഇഎംഎസിന്റേതുമായിരുന്നു പേരുകള്‍.
പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മുഖ്യമന്ത്രിയായി വി.എസ് തന്നെ തുടരുമെന്ന് അദ്ദേഹം സൂചന നല്‍കിയത്. കേരളത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു സംസാരിച്ചെങ്കിലും എവിടെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പേര് കടന്നുവന്നില്ല.












Click it and Unblock the Notifications