14 കാരിയെ ബലാത്സംഗം ചെയ്‌ത യുഎസ് സൈനികന്‍ അറസ്റ്റില്‍
ടോക്കിയോ: ജപ്പാനിലെ ഒകിനാവ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത കേസില്‍ യുഎസ് സൈനികന്‍ അറസ്‌റ്റില്‍.
13 വര്‍ഷം മുമ്പ് മൂന്ന് അമേരിക്കന്‍ സൈനികര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേയാണ് അടുത്ത ആരോപണം ജപ്പാനിലെ യുഎസ് സൈന്യത്തിനു നേരെ ഉയര്‍ന്നിരിക്കുന്നത്.
ഒകിനാവയിലെ ക്യാമ്പ് കെറ്റ്‌നിയിലെ യുഎസ് സൈനികനായ ടിറോണ്‍ ഹാഡ്‌നോട്ടിനെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
14 കാരിയായ വിദ്യാര്‍ഥിനിയെ സ്വന്തം മോട്ടോര്‍ ബൈക്കില്‍ വീട്ടില്‍ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടുക്കൊണ്ടു വന്ന സൈനികന്‍ അവിടെയുണ്ടായിരുന്ന കാറില്‍ വെച്ച് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
എന്നാല്‍ ബലാത്സംഗം ചെയ്‌തുവെന്ന ആരോപണം ഹാഡ്‌നോട്ട് നിഷേധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ബലമായി ചുംബിയ്‌ക്കുക മാത്രമേ ചെയ്‌തുള്ളുവെന്ന് ഇയാള്‍ പറഞ്ഞു.
യുഎസ്-ജപ്പാന്‍ സൈനിക സംഖ്യത്തിന്റ ഭാഗമായി 50000 യുഎസ് സൈനികര്‍ ജപ്പാനില്‍ താവളമടിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഒക്കിനാവ ദ്വീപില്‍ തന്നെയാണുള്ളത്. ഇവിടെ സൈനികരുമായി ബന്ധപ്പെട്ട് നേരത്തെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
1995ല്‍ മൂന്ന് യുഎസ് സൈനികര്‍ ചേര്‍ന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വരെ ബാധിച്ചിരുന്നു. ജപ്പാനില്‍ വന്‍ പ്രക്ഷോഭമാണ് ഇതിനെ തുടര്‍ന്നുണ്ടായത്. മൂന്ന് സൈനികരെയും പിന്നീട് ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
സംഭവത്തില്‍ ഒകിനാവ ഗവര്‍ണര്‍ ഹിറാകസു നകൈമ നടുക്കം രേഖപ്പെടുത്തി. ഇത്തരം അക്രമങ്ങള്‍ അനുവദിയ്‌ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications