പുനസംഘടന: തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് ഉമ്മന്‍ ചാണ്ടി
ദില്ലി: കേരളത്തിലെ കെപിസിസി പുനസംഘടനയെക്കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയവരെ ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിക്കണമെന്ന കെ. കരുണാകരന്റെ അഭിപ്രായത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
ഇപ്പോള്‍ കോണ്‍ഗ്രസില്‍ നല്ല അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. കരുണാകരന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗവുമാണ്. അദ്ദേഹത്തിന് അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ പുനസംഘടനയെക്കുറിച്ച് അഭിപ്രായപ്പെടാന്‍ കഴിയില്ല. കരുണാകരന്‍ പറഞ്ഞത് എന്താണെന്നും ഏതു സാഹചര്യത്തിലാണെന്നും മനസ്സിലാക്കാതെ അതിനോട് പ്രതികരിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രീയ കാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മൊഹ്‌സിന് കിദ്വായ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
കേരളരാഷ്ട്രീയത്തെക്കുറിച്ചാണ് ഇവരുമായി ചര്‍ച്ചചെയ്‌തതെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. എങ്കിലും കരുണാകരന്റെ തിരിച്ചുവരവിന് ശേഷമുള്ള അന്തരീക്ഷവും ചര്‍ച്ചാവിഷയമായിട്ടുണ്ടെന്നാണ് സൂചന.
കരുണാകരന്റെ തിരിച്ചെത്തല്‍ പാര്‍ട്ടിയില്‍ വീണ്ടും പടലപ്പിണക്കങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്ന് കേന്ദ്രനേതൃത്വത്തിന് നേരത്തേ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നവര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നുതന്നെയാണ് വിലയിരുത്തല്‍.
വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനങ്ങള്‍ നല്‍കി
ദില്ലിയിലെത്തിയ ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്, റയില്‍മന്ത്രി ലാലുപ്രസാദ് യാദവ്, കൃഷിമന്ത്രി ശരദ് പവാര്‍,. നിയമമന്ത്രി എച്ച്.ആര്‍ ഭരദ്വാജ് എന്നിവരെ കണ്ട് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങല്‍ നല്‍കി.
റയില്‍വേ വികസനം, വെട്ടിക്കുറച്ച് റേഷന്‍ അരി ക്വാട്ട പുനസ്ഥാപിക്കല്‍, കാര്‍ഷിക പ്രശ്‌നങ്ങല്‍, തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കല്‍ എന്നീ ആവശ്യങ്ങളടങ്ങുന്ന നിവേദനങ്ങളാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് സമരം നടത്തേണ്ടത് കേന്ദ്രത്തിനെതിരെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോട്ടയത്ത് പറഞ്ഞത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണ് പൂര്‍ണ ബജറ്റ് ഇപ്പോള്‍ അവതരിപ്പിക്കുന്നില്ലെന്ന് ധനമന്ത്രി പറയുന്നത്.
സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ സിപിഎം സമ്മേളനത്തിനായി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുകയാണ്. കോട്ടയം സമ്മേളനത്തില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ ചുവന്ന തുണികൊണ്ട് മറച്ചിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രപിതാവിനെ നിന്ദിക്കുന്നതിന് സമമാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications