Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരെ കൊച്ചാക്കി എത്രകാലം ഭരിക്കും?

കിട്ടിയ അവസരങ്ങളിലെല്ലാം സഹമന്ത്രിമാരെ കൊച്ചാക്കുകയും അപമാനിക്കുകയും ചെയ്യുന്ന ശൈലി എത്രകാലമാണ് ഒരു മുഖ്യമന്ത്രിക്ക് തുടരാനാവുക?

എംഎല്‍എ ഫണ്ട് വെട്ടിക്കുറച്ച്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ആ തുക കൈമാറാനുളള ഭരണപരമായ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയാണ് കൈക്കൊണ്ടത്. എന്നാല്‍ അത് നിയമസഭയില്‍ പ്രസ്താവിച്ചപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിനെ അവഹേളിക്കും വിധം പ്രതികരിച്ചായിരുന്നു വിഎസിന്റെ ഇടപെടല്‍.

സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോഴും കണ്ടു ഈ വിധം അപമാനിക്കല്‍. ധനമന്ത്രിയല്ല, ബജറ്റ് തയ്യാറാക്കുന്നത് എന്നത് ഇന്നൊരു രഹസ്യമല്ല. ബജറ്റ് അവതരിപ്പിക്കുക എന്ന ചുമതല മാത്രമാണ് മന്ത്രിക്കുളളത്. ബജറ്റ് ആദ്യാവസാനം തയ്യാറാക്കുന്നത് ധനമന്ത്രിയല്ല എന്ന് നിയമസഭയിലിരിക്കുന്ന എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

എന്നാല്‍, ബജറ്റിന് മറുപടി പറയുമ്പോള്‍ ധനകാര്യമന്ത്രിയല്ല ബജറ്റ് തയ്യാറാക്കിയതെന്ന കാര്യം മുളളുവാക്കുകളോടെ പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവതരിപ്പിച്ചത്.

വ്യാജ സിഡി റെയിഡുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെ കൊച്ചാക്കിയത്, ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍ ആരോഗ്യമന്ത്രിയെ പരസ്യമായി അപമാനിച്ചത്, വനം മന്ത്രിയെ പത്രക്കാരുടെ മുന്നില്‍ പോഴനാക്കിയത്, ഇങ്ങനെ എണ്ണിപ്പറയാന്‍ ഏറെയുണ്ട് ഉദാഹരണങ്ങള്‍.

ഏറ്റവും ഒടുവില്‍ എച്ച്എംടി വിവാദത്തിലും കണ്ടത് അതു തന്നെ. എളമരം കരീമിനോടും ശര്‍മ്മയോടും പദ്ധതിയുടെ ഉദ്ഘാടനത്തിന് പോകാന്‍ താനാണ് പറഞ്ഞത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സമ്മതിച്ച മുഖ്യമന്ത്രി, എത്രവേഗമാണ് വിവാദത്തില്‍ പുണ്യവാളന്റെ വേഷം കെട്ടിയത്! ലക്ഷ്യം ഒന്നുമാത്രം. വ്യവസായ മന്ത്രി അത്ര ശരിയല്ല എന്ന് ജനം പറയണം.

ഇതൊക്കെ കാണുന്ന പൊതുസമൂഹത്തില്‍ ഭരണത്തെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ മതിപ്പല്ല ഉണ്ടാവുന്നത് എന്ന് ചിന്തിക്കാനുളള വിവേകം പരിണിത പ്രജ്ഞനായ മുഖ്യമന്ത്രിക്കില്ല.

കിട്ടിയ മന്ത്രിമാരെ വെച്ച് നന്നായി ഭരിക്കുക. അല്ലെങ്കില്‍ അവരെ പുറത്താക്കി നല്ല മന്ത്രിമാരെ മന്ത്രിസഭയില്‍ എടുക്കുക. അതുമല്ലെങ്കില്‍ രാജിവെച്ചിറങ്ങിപ്പോവുക. ഈ മൂന്നു വഴികളേയുളളൂ, മുഖ്യമന്ത്രിയെന്ന നിലയില്‍ അച്യുതാനന്ദന് മുന്നിലുളളൂ.

തനിക്കിഷ്ടപ്പെട്ട മന്ത്രിമാരെ നിശ്ചയിക്കാനുളള ഭൂരിപക്ഷം നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലില്ല. അതിനാല്‍ വഴി രണ്ടായി ചുരുങ്ങുന്നു. ഒന്നുകില്‍ നന്നായി ഭരിക്കുക. അല്ലെങ്കില്‍ രാജി വെച്ചിറങ്ങുക. അവശേഷിക്കുന്ന കാലയളവിലെങ്കിലും സംസ്ഥാനത്തിനും വരുന്ന തലമുറയ്ക്കും ഗുണകരമായ ഒരു ഭരണം വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നുവെങ്കില്‍, രണ്ടിലൊരു തീരുമാനത്തിന് അച്യുതാനന്ദന്‍ വഴങ്ങിയേ തീരൂ.

ആ നിലയില്‍ ഒരു തീരുമാനമുണ്ടാകാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ ഇടപെടുമോ എന്നേ കേരളത്തിന് ആകാംക്ഷയുളളൂ. അല്ലാതെ സമ്മേളനത്തില്‍ എത്രപേര്‍ അച്യുതാനന്ദനെ വിമര്‍ശിച്ചു, എത്രപേര്‍ പിബിയെ വിമര്‍ശിച്ചു, ആര്‍ക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടി എന്നൊക്കെയുളള ചോദ്യങ്ങള്‍ നാടിനെ ബാധിക്കുന്നതേയല്ല.

ലോക്കല്‍ സമ്മേളനം തുടങ്ങിയതു മുതല്‍ സ്തംഭിച്ചു നില്‍ക്കുകയാണ് സംസ്ഥാന ഭരണം. സംസ്ഥാന സമ്മേളനം തീര്‍ന്നാലെങ്കിലും ഈ മുന്നണി മര്യാദയ്ക്ക് ഭരിക്കുമെന്ന് ജനത്തിന് കരുതാനാവുമോ? സിപിഎമ്മിന്റെ ഏറ്റവും ഉന്നത ഘടകത്തില്‍ നിന്നൊരു മറുപടി പ്രതീക്ഷിക്കുന്നത് കേരളമാകെയാണ്.

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+