ബേനസീറിന് സ്വന്തം കൊലയാളികളെ അറിയാമായിരുന്നു
ലണ്ടന്‍: തന്നെ വധിക്കാന്‍ ശ്രമിക്കുന്നവരുടെ പേരുകളും മൊബൈല്‍ നമ്പറുകളും അറിയാമെന്ന് പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ.
ഹാര്‍പ്പര്‍ കോളിന്‍സ് ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച 'ബേനസീര്‍ ഭൂട്ടോ: റെക്കന്‍സിലിയേഷന്‍, ഇസ്ലാം, ഡെമോക്രസി ആന്റ് ദി വെസ്‌റ്റ്' എന്ന പുസ്‌തകത്തിലാണ് ബേനസീര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ഇതില്‍ ബേനസീര്‍ പാകിസ്‌താന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മരണത്തിന് ഏതാനും ദിവസം മുമ്പാണ് ബേനസീര്‍ പുസ്‌തക രചന പൂര്‍ത്തിയാക്കിയത്.
എന്റെ സര്‍ക്കാറിനെ അട്ടിമറിച്ച അന്നുമുതല്‍ തീവ്രവാദികള്‍ തങ്ങളെ പിന്തുണയ്‌ക്കുന്നവും അനുഭാവികളും വഴി പാകിസ്‌താന്‍ ഭരണത്തില്‍ ഇടപെടല്‍ നടത്തി. ഇന്ന് ലോകത്തിലെ ഏറ്റവും ഭയക്കേണ്ട സ്ഥലമായി പാകിസ്‌താന്‍ മാറി.
അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന താലിബാന്‍വല്‍ക്കരണത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്‌താന്‍. ഏപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു വെടിമരുന്നു പേടകമാണ് രാജ്യം. ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ പാകിസ്‌താനില്‍ എന്നും പരാജയപ്പെടുകയായിരുന്നു- ബേനസീര്‍ എഴുതുന്നു.
ഇസ്ലമബാദിലും ലണ്ടനിലും ഒരേ സമയത്താണ് 328 പേജുള്ള പുസ്‌തകം പുറത്തിറക്കിയത്. തന്നെ വധിക്കാന്‍ ശ്രമിക്കുന്നവരുടെ പേരുകളും ഫോണ്‍ നമ്പറുകളും നല്‍കിയത് മറ്റൊരു മുസ്ലിം രാഷ്ട്രമാണെന്നാണ് ബേനസീര്‍ വ്യക്തമാക്കുന്നത്.
തെഹ് രിക്-ഇ-താലിബാന്‍ പാകിസ്‌താന്‍ സംഘടനാ തലവന്‍ ബെയ്‌ത്തുള്ള മഹ്‌സൂദ്, ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ, മറ്റുരണ്ട് തീവ്രവാദി സംഘടനകള്‍ എന്നിവരാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്നാണ് ബേനസീര്‍ പറയന്നത്.
തനിയ്‌ക്ക് ഭീഷണിയുള്ള കാര്യം ജനറല്‍ മുഷറഫിനെ അറിയിച്ചിട്ടുണ്ടെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്. 2006 ആഗസ്റ്റില്‍ താന്‍ ന്യൂയോര്‍ക്കിലായിരിക്കുമ്പോള്‍ വനിതാ അവകാശ ബില്ലിന് പിന്തുണ തേടി മുഷറഫ് തന്നെ വിളിച്ചിരുന്നുവെന്നും ബേനസീര്‍ പുസ്‌തകത്തില്‍ പറയുന്നു.












Click it and Unblock the Notifications