വിജയാരവങ്ങളോടെ എകെജി സെന്ററിലേയ്ക്ക്
വിജയാരവങ്ങളോടെയാണ് സമ്മേളനം കഴിഞ്ഞ് ഔദ്യോഗിക പക്ഷം എകെജി സെന്ററിലേയ്ക്ക് മടങ്ങുന്നത്. മലപ്പുറത്ത് അവസാനം വരെ നീണ്ട ഉദ്വേഗങ്ങള്‍ക്കൊടുവിലാണ് പിണറായി വിഭാഗം വെന്നിക്കൊടി കാട്ടിയതെങ്കില്‍ ഇപ്പോഴത് ബ്രാഞ്ച് തലം മുതല്‍ ആസൂത്രിതമായും സൂക്ഷ്മമായും നടപ്പാക്കി വിജയിച്ച തന്ത്രങ്ങളുടെ സംസ്ഥാന തല വിളവെടുപ്പായിരുന്നു.
സമാനതകളില്ലാത്ത വിവാദങ്ങളാണ് പാര്‍ട്ടിയെ വേട്ടയാടിയതെങ്കില്‍, ഒട്ടും സമാനതകളില്ലാത്ത സംഘടനാ പാടവത്തോടെയാണ് ഔദ്യോഗികപക്ഷം അതിനെ അതിജീവിച്ചത്. എല്ലാ ക്രെഡിറ്റിനും അവകാശി പിണറായി വിജയനും. സ്വന്തം കോട്ടയ്ക്ക് ഒരുപോറലുമേല്‍ക്കാതെ സംരക്ഷിച്ചു നിര്‍ത്തി, വരാനിരിക്കുന്ന അങ്കങ്ങള്‍ക്ക് കച്ച മുറുക്കി പിണറായി വിജയനും സംഘവും കോട്ടയത്ത് നിന്ന് വീണ്ടും എകെജി സെന്ററിലേയ്ക്ക്.
വിഎസ് അച്യുതാനന്ദനെന്ന ഒറ്റയാനെ എകെജി സെന്ററില്‍ തളയ്ക്കുക എന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. പാര്‍ട്ടിക്കാരനായി തുടരണമെങ്കില്‍, പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിച്ചേ തീരൂ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വി എസിനെ പിണറായിപ്പട കോട്ടയത്ത് ബോധ്യപ്പെടുത്തി. പാര്‍ട്ടിയില്‍ ഇനി വിഭാഗീയതയുടെ തുരുമ്പു പോലും അവശേഷിക്കില്ലെന്ന് പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതില്‍ നിന്നറിയാം, കൊയ്തത് വിജയത്തിന്റെ നൂറുമേനി തന്നെയെന്ന്.
എംഎല്‍എ ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ജയില്‍വാസം അനുഭവിച്ച ത്യാഗനിര്‍ഭരമായ രാഷ്ട്രീയ ഭൂതകാലമുളള പിണറായി വിജയന്‍, വിധിവൈപരീത്യം മൂലമാകാം, ഏറെ പ്രശസ്തനായത് വിവാദങ്ങളുടെ പേരിലാണ്.
മുണ്ടയില്‍ കോരന്റെയും പി കല്യാണിയുടെയും മകനായി 1944 മാര്‍ച്ച് 21ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ജനിച്ച വിജയന്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ കടന്നത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ പിണറായി എസ്എഫ്ഐയുടെ പഴയ രൂപമായിരുന്ന കെഎസ്‍എഫിന്റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. കമ്മ്യൂണിസ്റ്റ് യുവജന സംഘടനയായിരുന്ന കെഎസ്‍വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായും വിജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970ല്‍ തലശേരിയില്‍ നിന്നും കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ പിണറായി വിജയന് വെറും 26 വയസായിരുന്നു പ്രായം. പിന്നീട് 1977, 1991, 1996 വര്‍ഷങ്ങളിലും അദ്ദേഹം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും ഏറെക്കാലം വിജയന്‍ പ്രവര്‍ത്തിച്ചു.
കഴിവുറ്റ മന്ത്രിയെന്ന് പേരെടുത്ത പിണറായി വിജയന്‍, ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സിപിഎമ്മില്‍ ഉഗ്രരൂപം പൂണ്ട വിഭാഗീയതയില്‍, വിഎസിന്റെ ഉറച്ച അനുയായി ആയിട്ടാണ് വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാവുന്നത്.
കണ്ണൂര്‍, മലപ്പുറം സമ്മേളനങ്ങളിലൂടെ വളര്‍ന്ന സിപിഎമ്മിലെ പിണറായി പ്രഭാവം കോട്ടയം സമ്മേളനം കഴിയുന്നതോടെ ഉഗ്രപ്രഭയിലാണ് കത്തി ജ്വലിക്കുന്നത്. പാര്‍ട്ടിയില്‍ പിണറായി നേടിയ ആധിപത്യത്തെ ഉലയ്ക്കാന്‍ പോന്ന കരുത്തെന്നും അടുത്തകാലത്തൊന്നും ആര്‍ക്കും ഉണ്ടാകുമെന്നും തോന്നുന്നില്ല.
അടുത്ത പേജില്‍












Click it and Unblock the Notifications