ഷാറൂഖിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ഷോപ്പിംഗ്
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്റെ കളഞ്ഞുപോയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താന്‍ ശ്രമിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിനയ് വിജയ് താംബെ (22), ജെയിംസ് പോള്‍ (28), ശേഖര്‍ ജാദവ് (44) എന്നിവരാണ് ഫിബ്രവരി പത്തിന് മുംബൈയിലെ ഒരു ഷോപ്പില്‍ വച്ച് അറസ്റ്റിലായത്. 25,000 രൂപയുടെ ഷോപ്പിംഗ് നടത്തിയതിനു ശേഷം കളഞ്ഞുകിട്ടിയ കിട്ടിയ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്യുമ്പോഴാണ് ഇവര്‍ പിടിയിലായത്.
ട്രാന്‍സാക്ഷന്‍ സ്ലിപ്പില്‍ ഷാറൂഖ് ഖാന്റെ പേര് കണ്ടപ്പോഴാണ് സെയില്‍സ് എക്സിക്യൂട്ടീവിന് സംശയം ജനിച്ചത്. സ്ലിപ്പില്‍ വിനയ് വിജയ് താംബെ എന്ന പേരിലാണ് ഷോപ്പിംഗ് നടത്തിയയാള്‍ ഒപ്പുവച്ചത്. ഇതേ തുടര്‍ന്ന് എക്സിക്യൂട്ടീവ് ഐസിഐസിഐ ബാങ്കിലേക്ക് ഫോണ്‍ ചെയ്ത് കാര്‍ഡ് സംബന്ധിച്ച വിശദാംശങ്ങള്‍ തിരക്കിയതിനു ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കാര്‍ഡ് ഷാറൂഖ് ഖാന്റേതു തന്നെയാണെന്ന് ഐസിഐസിഐ ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു. സാന്താക്രൂസിലെ ഒരു റോഡില്‍ കാര്‍ഡ് കിടക്കുകയായിരുന്നുവെന്നും അത് തങ്ങള്‍ എടുക്കുകയുമായിരുന്നുവെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.












Click it and Unblock the Notifications