സ്‌ത്രീധനം ചോദിച്ച വരനും പിതാവിനും അറസ്‌റ്റ് വാറണ്ട്
പറവൂര്‍: സ്‌ത്രീധനത്തര്‍ക്കത്തെത്തുടര്‍ന്ന് അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്‍മാറിയ വരനും പിതാവിനും കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
വധുവിന്റെ പിതാവ് അപ്പുക്കുട്ടന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രാദേശിക കോടതി ഇരുപത്തിയഞ്ചുകാരനായ വരന്‍ ബിനീഷ് സര്‍ക്കാര്‍ ജോലിക്കാരനായ പിതാവ് ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.
ഗുരുവായൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ വച്ച് ഫെബ്രുവരി 9നാണ് അപ്പുക്കുട്ടന്റെ മകളുടെയും ബിനീഷിന്റെയും
വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. വരനും വധുവും കോളജ് വിദ്യാഭ്യാസ കലം മുതല്‍ പ്രണയത്തിലായിരുന്നു.
വിവാഹത്തിനായി വധുവിന്റെ വീട്ടുകാര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് സ്‌ത്രീധനമായി ഉറപ്പിച്ച തുകയില്‍ ഒരു ലക്ഷം കൂടി അധികം വേണമെന്ന് വരനും വീട്ടുകാരും ആവശ്യപ്പെട്ടത്.
നേരത്തേതന്നെ രണ്ടുലക്ഷം രൂപ സ്‌ത്രീധനമായി പറഞ്ഞുറപ്പിച്ചുരുന്നു. ഇതിനു പുറമെയാണ് ഇവര്‍ ഒരു ലക്ഷം കൂടി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് വധുവീട്ടുകാര്‍ അറിയിച്ചതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്നാണ് വധുവിന്റെ പിതാവ് കോടതിയില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications