വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളും, പാര്‍ട്ടിയ്‌ക്ക് വിധേയനായിരിക്കും: വി.എസ്
കോട്ടയം: തനിയ്‌ക്കെതിരെ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
അറുപത് വര്‍ഷത്തെ രാഷ്‌ട്രീയ ജിവിതത്തിനിടയില്‍ പൂര്‍ണ്ണമായും പാര്‍ട്ടിയ്‌ക്ക് വിധേയനായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും വി.എസ് പറഞ്ഞു.
വിമര്‍ശനങ്ങള്‍ എന്നെ വളര്‍ത്തുകയായിരുന്നു. വിമര്‍ശനങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. പാര്‍ട്ടിയെയും സര്‍ക്കാറിനെയും മെച്ചപ്പെടുത്താന്‍ തന്റെ ഭാഗത്തുനിന്നും വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ പരസ്‌പര വിശ്വാസമില്ലെന്ന ആരോപണം തെറ്റാണ്. ചില പദ്ധതികള്‍ വരുമ്പോള്‍ വസ്‌തുതകള്‍ മനസ്സിലാക്കാന്‍ കാസതാമസം ഉണ്ടാകും. വിശദാംശങ്ങള്‍ ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ മത്സരിച്ചത്. വേണ്ടെന്ന് പറഞ്ഞപ്പോള്‍ മത്സരിച്ചിട്ടില്ല. 1964ല്‍ പിളര്‍പ്പിന് ശേഷം മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. അന്ന് രാഷ്ട്രീയ ഗുരുവായ ആര്‍ സുഗതനോടാണ് മത്സരിച്ചത്.
ജനങ്ങള്‍ ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കും പാര്‍ട്ടിയും സഖാക്കളും അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാതെ മുന്നോട്ടുപോകും- വി.എസ് വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പൊളിറ്റ് ബ്യൂറോയുടെയും സെക്രട്ടേറിയറ്റിന്റെയും നിര്‍ദ്ദേശപ്രകാരം പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.












Click it and Unblock the Notifications