എച്ച്‌എംടി: മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമായി
തിരുവനന്തപുരം: എച്ച്‌എംടി ഭൂമി പോക്കുവരവ് റദ്ദാക്കി തിരിച്ചെടുക്കുണമെന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ ഭിന്നത.
സിപിഐ സിപിഎം മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ റിപ്പോര്‍ട്ട് നിയമവശം പരിശോധിക്കുന്നതിനായി അഡ്വക്കറ്റ് ജനറലിന് അയയ്‌ക്കാന്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ അടുത്തുചേരുന്ന ഇടതുമുന്നണി ഏകോപന സമിതി ചര്‍ച്ചചെയ്‌ത് തീരുമാനിക്കണമെന്ന അഭിപ്രായം മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ഇടതുമുന്നണിയ്‌ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടാണ് മന്ത്രിസഭായോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പ്രകടിപ്പിച്ചത്.
വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങളെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുന്നതിന് നിക്ഷിപ്‌ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും എച്ച്‌എംടി ഭൂമി വിവാദത്തിന് പിന്നിലും ഇതുതന്നെയാണ് ലക്ഷ്യമെന്നും പ്രമേയം ഉയര്‍ത്തി മന്ത്രി തോമസ് ഐസക് വിവാദത്തിന് തടയിടാന്‍ ശ്രമിച്ചു.
ഇതിനിടെ അഡ്വക്കറ്റ് ജനറലുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌ത മന്ത്രിമാര്‍ ഭൂമിയിടപാടിന് സാധുതയുള്ളതായി റിപ്പോര്‍ട്ട് വാങ്ങിയെടുക്കുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വെള്ളിയാഴ്‌ചത്തെ മന്ത്രിസഭായോഗത്തില്‍ അവസാനിപ്പിച്ചതായാണ് വിവരം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരോക്ഷമായി തള്ളിയ മന്ത്രിസഭായോഗം മന്ത്രിമാരുടെ നിലപാടുകളെ സാധൂകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഭൂമി വിവാദത്തിന്റെ ആരോപണം പൂര്‍ണ്ണമായും സിപിഎമ്മിന്റെ മേല്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ സിപിഐ മന്ത്രിമാര്‍ തന്ത്രപരമായ നീക്കം നടത്തിയതോടെ സിപിഎം മന്ത്രിമാര്‍ ഒറ്റക്കെട്ടായി അതിനെ നേരിട്ടു.
ഭിന്നത പരിധിവിടുകയും പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കണെന്ന നിലപാടില്‍ റവന്യൂ വകുപ്പ് ഉറച്ചുനില്‍ക്കുകയും ചെയ്‌തതോടെ വിഷയത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ നിയമവശം പരിശോധിക്കുന്നതിന് എജിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications