കേരളത്തില്‍ എന്തുമാകാമെന്ന് കരുതരുത്: സോണിയ
തിരുവനന്തപുരം: കേന്ദ്രത്തില്‍ പിന്തുണയ്‌ക്കുന്നതുകൊണ്ട് കേരളത്തില്‍ എന്തുമാകാമെന്ന് ഇടതുപാര്‍ട്ടികള്‍ കരുതരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
കേരളത്തില്‍ ഇടതുപക്ഷത്തെ മുഖ്യശത്രുക്കളായിക്കണ്ട് ഭരണവീഴ്‌ചകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
വര്‍ഗ്ഗീയ ശക്തികള്‍ ഭരണത്തില്‍ വരുന്നത് തടയാനാണ് കേന്ദ്രത്തില്‍ ചില കക്ഷികളുടെ പിന്തുണ സ്വീകരിച്ചിട്ടുള്ളത്. ഇടതുപ്രവര്‍ത്തകര്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുകയാണ്.
കേന്ദ്രത്തില്‍ പിന്തുണയ്‌ക്കുന്ന കക്ഷികളെയാണ് കേരളത്തിലും ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസിന് നേരിടേണ്ടിവരുന്നത്. കേരളം ഭരിക്കുന്നവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ധരിക്കരുത്. കേഡര്‍ പാര്‍ട്ടിയാണെന്ന് കരുതി നിയമം കയ്യിലെടുക്കരുത്- സോണിയ പറഞ്ഞു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നീതിന്യായ വ്യവസ്ഥയെയും മാധ്യമങ്ങളെയും സമുദായങ്ങളെയും എതിര്‍ക്കുന്നവര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയ വല്‍ക്കരിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ട്, ഇത് മുന്നേറ്റത്തിന്റെയും നന്മയുടെയും മാറ്റമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് സോണിയാഗാന്ധി പറഞ്ഞു.
കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആരോപണം തെറ്റാണ്. കേരളത്തിന് മെച്ചപ്പെട്ട സാമ്പത്തിക വിഹിതമാണ് യുപിഎ സര്‍ക്കാര്‍ അനുവദിച്ചത്. വല്ലാര്‍പാടം പദ്ധതി, തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍, വയനാട് കര്‍ഷകര്‍ക്കായുള്ള പ്രത്യേക പാക്കേജ് എന്നിവ ഇതിനുദാഹരണങ്ങളാണ്- സോണിയ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി. സമ്മേളനത്തില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇടതുസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇടതുപരാര്‍ട്ടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോണിയാ ഗാന്ധി നടത്തിയത്.
സിപിഎമ്മിന് ദില്ലിയിലും കേരളത്തിലും രണ്ടുമുഖമാണെന്ന് യോഗത്തിന്റെ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്തെ ഓര്‍ത്താണ് താന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയതെന്ന് അവകാശപ്പെട്ട കരുണാകരന്‍ രാജ്യത്തെ ഒന്നായി കാണാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിയ്‌ക്കും കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു. സിപിഎം ഭരണത്തിലുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭരണം നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള മൊഹ്‌സിന കിദ്വായ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications