പാര്‍ട്ടിയിലുള്ള സാമൂഹികവിരുദ്ധരെ പുറത്താക്കുമെന്ന് പിണറായി
തിരുവനന്തപുരം: സിപിഎമ്മിലേയ്‌ക്കും ബഹുജന സംഘടനകളിലേയ്‌ക്കും കടന്നുകൂടിയ സാമൂഹിക വിരുദ്ധരെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കോട്ടയം സമ്മേളനം തീരുമാനിച്ചിട്ടുണഅടെന്ന് സംസ്ഥാന സെക്രട്ടറി പിറണായി വിജയന്‍.
അച്ചടക്കമില്ലായ്‌മ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ എഴുതിയ എന്‍ ശ്രീധരന്‍ അനുസ്‌മരണത്തിലാണ് പിണറായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങളും റാലികളും പൊതുപരിപാടികളുമെല്ലാം കമ്യൂണിസ്റ്റ് സദാചാരം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം. ഇത് തെറ്റിയാല്‍ അത് കണ്ണടച്ച് തള്ളിക്കളയാന്‍ പാടില്ല. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുത്താല്‍ പ്രസ്ഥാനത്തിന്റെ യശസ്സ് വളരും.
പാര്‍ട്ടിയ്‌ക്കും ഇടതുമുന്നണിയ്‌ക്കും എതിരെ ഉയരുന്ന ആക്ഷേപങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആത്യന്തികമായി പാര്‍ട്ടി ദുര്‍ബലപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര ദശാബ്ദമായി പാര്‍ട്ടിയെ കാര്‍ന്നു തിന്നുന്ന വിഭാഗീയതയെന്ന വിപത്തിനെ ഇല്ലാതാക്കാനുള്ള ദൃഢപ്രതിജ്ഞയാണ് കോട്ടയം സമ്മേളനം കൈക്കൊണ്ടത്.
സ്വിച്ചിട്ടാല്‍ കത്തുകയും ഓഫാക്കുകയും ചെയ്യന്നതുപോലെയല്ല വിഭാഗീയത. ആ വിപത്ത് ഇനിയും തലയുയര്‍ത്താതിരിക്കാന്‍ എല്ലാവരും ഒന്നായി നീങ്ങണമെന്നാണ് സമ്മേളനത്തില്‍ തീരുമാനിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കുഴപ്പമുണ്ടാക്കാനും ചേരിതിരിവ് ഉണ്ടാക്കാനും അനുവദിക്കില്ല.
ഈ സന്ദേശം പാര്‍ട്ടിയുടെ എല്ലാതലത്തിലുള്ളവരും സ്വീകരിയ്‌ക്കണം. പാര്‍ട്ടി സഖാവ് ചെയ്യുന്ന തെറ്റ് വലുതായാലും ചെറുതായാലും അത് തിരുത്തിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിയുടെതാണ്. കേഡര്‍മാരെ കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിക്കുന്നതാണ് കമ്യൂണിസ്‌റ്റ് ശൈലി- അദ്ദേഹം പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications