നിയമം ലംഘിച്ച് ഐജിയെ സ്ഥലം മാറ്റി
കണ്ണൂര്‍: 2007ലെ കേരള പൊലീസ് (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് ഐജിയെ സ്ഥലം മാറ്റി.
സ്ഥാനമേറ്റ് നാല് മാസമാവുമ്പോഴേക്കും ഐജി (വടക്കന്‍ മേഖല) എ.ഹേമചന്ദ്രനെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത് നിയമം ലംഘിച്ചാണ്. കേരള പൊലീസ് (ഭേദഗതി) നിയമം അനുസരിച്ച് ഉന്നത പൊലീസുദ്യോഗസ്ഥരെ ഒരു സ്ഥലത്ത് നിയമിച്ചതിനു ശേഷം രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞേ സ്ഥലം മാറ്റാവൂ. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2007ല്‍ ഈ നിയമം കൊണ്ടുവന്നത്.
ഡിജിപി, ഐജിമാര്‍, ജില്ലകളുടെ ചാര്‍ജ് വഹിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍, പൊലീസ് സ്റ്റേഷനുകളുടെ ചുമതല വഹിക്കുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവരെ സ്ഥലം മാറ്റുന്നതിന് ഈ ചട്ടം നിര്‍ബന്ധമായും പാലിച്ചിരിക്കണം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഡി വൈ എസ് പിമാര്‍ക്കും ഈ ചട്ടം ബാധകമല്ല.
ജോലിക്കയറ്റം, സസ്പെന്‍ഷന്‍, അവധി, ക്രിമിനല്‍ കേസുകളില്‍ അകപ്പെടല്‍, ജോലിയുടെ ദുരുപയോഗം, കോടതിയുടെ വിമര്‍ശനം എന്നീ കാര്യങ്ങളുണ്ടായാല്‍ മാത്രമേ രണ്ടു വര്‍ഷം തികയും മുമ്പ് ഉന്നത പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റാവൂ. ഉദ്യോഗസ്ഥന്‍ തന്നെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചാലും രണ്ടു വര്‍ഷം തികയും മുമ്പേ സ്ഥലംമാറ്റം നല്‍കാം.
എന്നാല്‍ ഐജി ഹേമചന്ദ്രനെ സ്ഥലം മാറ്റിയത് ജോലിക്കയറ്റം ലഭിച്ചതു കൊണ്ടോ മറ്റു വ്യവസ്ഥകള്‍ ബാധകമായതു കൊണ്ടോ അല്ല. ഇദ്ദേഹം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുമില്ല.
തലശേരി മേഖലയിലെ രാഷ്ട്രീ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവന്ന ഹേമചന്ദ്രനെ നിയമം ലംഘിച്ച് സ്ഥലം മാറ്റിയതിനെതിരെ പൗരാവകാശ സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications