എംസി റോഡ് : ഉദ്ഘാടനം കിളിമാനൂരില്‍
തിരുവനന്തപുരം : എംസി റോഡ് പുനര്‍നിര്‍മ്മാണം വീണ്ടും പതിബെല്‍ ഏറ്റെടുത്തതോടെ അടുത്ത ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പണി വീണ്ടും തുടങ്ങുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ നടത്താനാണ് പദ്ധതി. പ്രാഥമിക ചെലവുകള്‍ക്ക് രണ്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ആദ്യഘട്ടം പൂര്‍ത്തിയാക്കുന്ന പണി വെഞ്ഞാറമൂടില്‍ എത്തിയപ്പോഴാണ് സര്‍ക്കാരുമായുളള തര്‍ക്കത്തെ തുടര്‍ന്ന് പതിബെല്‍ കരാറില്‍ നിന്നും പിന്മാറിയത്. പണിയിലെ ക്രമക്കേടുകളെയും വ്യാപകമായ പരാതികളെയും തുടര്‍ന്ന് കരാര്‍ തുക നല്‍കുന്നത് നിര്‍ത്തി വെച്ചതോടെ കമ്പനി പണി മതിയാക്കി കേരളം വിടുകയായിരുന്നു.
ചെങ്ങന്നൂര്‍ - വെഞ്ഞാറമൂട്, വെഞ്ഞാറമൂട് - കഴക്കൂട്ടം പാതയില്‍ 92 കിലോമീറ്റര്‍ റോഡിന്റെ പണിയാണ് എംസി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പതിബെല്‍ ഏറ്റെടുത്തത്. ആലപ്പുഴ ചങ്ങനാശേരി പാതയില്‍ 24 കിലോമീറ്റര്‍ പണിയും കമ്പനി ഏറ്റെടുത്തിട്ടുണ്ട്.
റോഡ് വികസനത്തിന്റെ പണികള്‍ തകൃതിയില്‍ ആരംഭിച്ചിട്ടുണ്ട്. കുറെക്കാലത്തെ മന്ദഗതിയ്ക്കു ശേഷം റോഡു പണിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് വേണം കരുതാന്‍.
പാലക്കാട് ഷൊര്‍ണൂര്‍ പാതയിലെ 45 കിലോമീറ്റര്‍, 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള തൃശൂര്‍ കുറ്റിപ്പുറം റോഡ് എന്നിവയുടെ പണിയും കെഎസ്‍ടിപി വീണ്ടും തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പുതുക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഇത് ഉടന്‍ കേന്ദ്രത്തിന് കൈമാറും. പണി മുടങ്ങിയതും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായതും ഏറ്റെടുപ്പ് നടക്കുന്നതുമായ എല്ലാ റോഡുകളും കെഎസ്‍ടിപിയെ ഏല്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇത്തരത്തിലുളള റോഡുകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഈ പട്ടിക കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുകയും തുടര്‍ന്ന് ലോകബാങ്കുമായി ചര്‍ച്ച ചെയ്യുകയും ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications