വിദേശസംഘം പൊന്നമ്പലമേട് സന്ദര്‍ശിച്ചതായി സൂചന
പത്തനംതിട്ട: വിദേശ തീര്‍ത്ഥാടക സംഘം പൊന്നമ്പലമേട് സന്ദര്‍ശിച്ചതായി സൂചന. ഫ്രാന്‍സില്‍ നിന്നും എന്‍ വാനരാജന്‍ എന്ന ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘം ഫെബ്രുവരി 15ന് ശബരിമലയില്‍ മകരവിളക്ക് തെളിയുന്ന പൊന്നമ്പലമേട്ടില്‍ എത്തിയതായാണ് വിവരം.
ഇവരുടെ സന്ദര്‍ശനത്തിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നോ എന്നന്വേഷിച്ചുകൊണ്ടുള്ള അജ്ഞാത ഫോണ്‍ സന്ദേസം ദേവസ്വം ബോര്‍ഡ് അംഗം പി നാരായണന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് മിനി ബസുകളിലായി എത്തിയ സംഘം കെഎസ്‌ഇബിയുടെ കീഴിലുള്ള കൊച്ചുപമ്പ ഐബിയില്‍ താമസിച്ചു. ഇവര്‍ പിന്നീട് പൊന്നമ്പലമേട്ടില്‍ എത്തി അവിടെ ഗണപതി വിഗ്രഹം വച്ച് പൂജ നടത്തിയതായും പറയുന്നു. സംരക്ഷിതമേഖലയായ സ്ഥലത്തേയ്‌ക്ക് കടക്കാന്‍ സംഘത്തിന് കേന്ദ്രവനം ഉദ്യോഗസ്ഥരുടെ അനുമതിക്കത്ത് ഉണ്ടായിരുന്നുവത്രേ.
എന്നാല്‍ ഇത്തരത്തില്‍ ഒരു സംഘം എത്തിയിതിന് ഒരു സൂചനയുമില്ലെന്നും ശബരമല ഭാഗത്തുനിന്നും സ്ഥലത്തേയ്‌ക്ക് പൊകാന്‍ കഴിയുന്ന കൊച്ചാണ്ടി ചെക്‌പോസ്‌റ്റിന്റെ ചുമതല വഹിക്കുന്ന ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ പറയുന്നത്.
ജൈവപ്രാധാന്യമുള്ള അപൂര്‍വ്വ സസ്യജാലങ്ങളുടെ കലവറയാണ് ഈ പ്രദേശം. ജനുവരി 15മതുല്‍ ഇവിടെ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പൊന്നമ്പലമേട് ഭാഗത്തേയ്‌ക്ക് വണ്ടിപ്പെരിയാര്‍ ഭാഗത്ത് വള്ളക്കടവ് ചെക്‌പോസ്‌റ്റ് കടന്നും സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയും.
ശബരിമലയില്‍ എത്തുന്ന സഞ്ചാരികളെ പൊന്നമ്പലമേട്ടില്‍ എത്തിച്ച് തൊഴാന്‍ അവസരം ഒരുക്കിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications