ഗാന്ധി ആശ്രമത്തില്‍ വിദേശവനിതയെ അപമാനിച്ചു
അഹമ്മദാബാദ്: മദ്യപിച്ച രണ്ടു യുവാക്കള്‍ ചേര്‍ന്ന് ഗാന്ധി ആശ്രമത്തിലെ മ്യൂസിയത്തിനുള്ളില്‍ വച്ച് വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ചതായി ആരോപണം.
ഭര്‍ത്താവിനും ഗൈഡിനുമൊപ്പം മ്യൂസിയം സന്ദര്‍ശിക്കുകയായിരുന്ന യുവതിയെയാണ് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
യുവതിയും ഭര്‍ത്താവും മ്യൂസിയത്തിനകത്ത് ഫോട്ടോകള്‍ കാണുകയായിരുന്നു ആ സമയത്ത് ഹാളില്‍ എത്തിയ രണ്ടു പേര്‍ ചേര്‍ന്ന് അവരെ പിടിച്ച് ബലമായി ചുംബിയ്‌ക്കാന്‍ ശ്രമിച്ചു. സംഭവം പ്രശ്‌നമായപ്പോള്‍ ഇവരിലൊരാള്‍ ഓടി രക്ഷപ്പെട്ടു.
എന്നാല്‍ മല്‍പ്പിടുത്തത്തിനൊടുവില്‍ ആശ്രമം അധികൃതര്‍ രണ്ടാമത്തെയാളെ പിടികൂടി. കയ്യേറ്റത്തിനിടെ ഹാളിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ രണ്ട് ഫോട്ടോകള്‍ക്ക് കേടുപാടുകള്‍ പറ്റി- സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെയാണ്.
പിടികൂടിയ ആളെ ആശ്രമം അധികൃതര്‍ മര്‍ദ്ദിച്ച് വിട്ടയച്ചു. സംഭവത്തെക്കുറിച്ച് വിദേശ വനിതയോ ആശ്രമം അധികതൃതരോ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ആശ്രമത്തിലെ ഒരു ജോലിക്കാരന്‍ സംഭത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും മദ്യപിച്ചെത്തിയ രണ്ടുപേര്‍ മഹാത്മയുടെ ചിത്രങ്ങള്‍ കേടുവരുത്തിയെന്നുമാത്രമേ തനിയ്‌ക്കറിയൂ എന്നുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് മറുപടി നല്‍കിയത്.
ആശ്രമത്തിനുള്ളില്‍ പൊലീസ് കയറുന്നത് അതിന്റെ വിശുദ്ധിയ്‌ക്ക് നിരക്കുന്നതല്ലെന്നതുകൊണ്ടാണ് അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കാതിരുന്നതെന്നാണ് സൂചന.












Click it and Unblock the Notifications