എകെ-100 തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും
ദില്ലി: കലാഷ്നിക്കോവ് തോക്കുകളിലെ ഏറ്റവും പുതിയ മോഡലായ എകെ-100 ഇന്ത്യയില്‍ നിര്‍മിക്കും. കലാഷ്നിക്കോവ് എകെ-47 തോക്കുകളുടെ 61-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റഷ്യന‍് കമ്പനി ഇന്ത്യയില്‍ പരിഷ്കരിച്ച മാതൃകയിലുള്ള തോക്കുകള്‍ നിര്‍മിക്കുന്നത്.
റഷ്യന്‍ ആയുധ കമ്പനിയായ ഇഷ്മാഷ് ഇതു സംബന്ധിച്ച് ഇന്ത്യന്‍ സ്വകാര്യ തോക്ക് നിര്‍മാണ കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണ്. ചര്‍ച്ച അന്തിമഘട്ടത്തിലാണ്. എകെ-100 റൈഫിള്‍ പരമ്പരയിലെ എകെ103 റൈഫിളുകളുടെ വിവിധ ഭാഗങ്ങള്‍ യോജിപ്പിക്കുന്ന പ്രക്രിയ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഇഷ്മാഷ് വക്താവ് പറഞ്ഞു. സാങ്കേതികവിദ്യയുടെ കൈമാറ്റം നടന്നതിനു ശേഷമായിരിക്കും പൂര്‍ണമായ തോക്ക് നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നത്.
ഇന്ത്യയിലെ പൊലീസിനും പാരാമിലിട്ടറി ഫോഴ്സിനും വില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് തോക്ക് നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നത്.
ലോകത്തെ കലാഷ്നിക്കോവ് തോക്കുകളില്‍ എട്ട് മുതല്‍ പന്ത്രണ്ട് ശതമാനത്തോളം വരെ മാത്രമാണ് യഥാര്‍ത്ഥ കലാഷ്നിക്കോവ് തോക്കുകളെന്നും കലാഷ്നിക്കോവ് തോക്കുകളെന്ന പേരില്‍ വില്‍ക്കുന്ന ഭൂരിഭാഗം തോക്കുകളും ഈ തോക്കുകളുടെ അനുകരണമാണെന്നും കമ്പനി വക്താവ് പറഞ്ഞു.
എകെ 47 തോക്കുകളില്‍ നിന്ന് പല പരിഷ്കാരങ്ങളും വരുത്തിയാണ് എകെ100 തോക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത്. എകെ 47 തോക്കുകളില്‍ മരമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ എകെ 100 തോക്കുകളില്‍ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എകെ 47 തോക്കുകളേക്കാള്‍ ഭാരം കുറഞ്ഞതാണ് പുതിയ ഇനം തോക്കുകള്‍.












Click it and Unblock the Notifications