12കാരിയെ മാതാപിതാക്കള്‍ വഴിയിലുപേക്ഷിച്ചു
ജയ്‌പൂര്‍: "ഞാന്‍ പലതവണ അവരോട് പറഞ്ഞു എന്നെ കളഞ്ഞിട്ട് പോകല്ലേയെന്ന് കൂടെവരുന്നെന്ന് പറഞ്ഞ് ഞാന്‍ പിന്നാലെ ചെന്നു.. പക്ഷേ... എന്റെ അച്ഛനും അമ്മയും
തിരിഞ്ഞുനോക്കിയില്ല. അടുത്ത തീവണ്ടിയ്‌ക്ക് കയറി അവര്‍ നാട്ടിലേയ്‌ക്ക് പോയി....."
ഇത് സോനു- മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പന്ത്രണ്ടുവയസ്സുകാരി. അനുദിനം പെണ്‍ഭ്രൂണ ഹത്യയെയും ശിശുഹത്യയെയും കുറിച്ച് കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ ഇതൊരു വാര്‍ത്തയായിരിക്കില്ല. പക്ഷേ ഇവള്‍ക്കും ജീവിക്കാന്‍ കൊതിയുണ്ട്, അതിനുള്ള അര്‍ഹതയുണ്ട്.
വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് ബീഹാറില്‍ നിന്നും അച്ഛനും അമ്മയും സോനുവുമായി പുറപ്പെട്ടത്. രാജസ്ഥാനിലെ കുറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം ബിക്കാനിറിലെ ലാല്‍ഗര്‍ റയില്‍ വേ സ്റ്റേഷനില്‍ ഇവര്‍ മകളെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
"സ്‌റ്റേഷിനിലെത്തിയപ്പോള്‍ അവരെന്നോടു പറഞ്ഞു ഇനി ഇവിടെ തനിച്ചു ജീവിക്കണമെന്ന്. ഞാന്‍ പലവട്ടം കരഞ്ഞു പറഞ്ഞു എന്നെയും കൊണ്ടുപോകാന്‍. പക്ഷേ അവര്‍ കൂട്ടാക്കിയില്ല. ഞാനെങ്ങനെ ജീവിക്കുമെന്നാണ് അവര്‍ കരുതിയതെന്ന് എനിക്കറിയില്ല"- കണ്ണീര്‍ തൂകിക്കൊണ്ട് സോനു പറയുന്നു.
സോനുവിന്റെ കഥകള്‍ കേട്ട് മനസ്സലിഞ്ഞ രാമേശ്വര്‍ പ്രജാപത് എന്നയാള്‍ അവളെ സ്വന്തം വീട്ടിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് രാമേശ്വറും അയല്‍വാസികളും ചേര്‍ന്ന് സോനുവിനെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
കുറച്ചുദിവസം കൂടി കുട്ടിയെ വീട്ടില്‍ പാര്‍പ്പിക്കാന്‍ അവര്‍ പ്രജാപതിനോട് നിര്‍ദ്ദേശിച്ചു. കാത്തിരുന്നിട്ടും ആരും അന്വേഷിച്ചെത്താതിരുന്നപ്പോള്‍ അധികൃതര്‍ കുട്ടിയെ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള നാരി നികേതനില്‍ താമസിപ്പിച്ചിരിക്കുകയാണ്.
"എനിയ്‌ക്ക് ഇനി അച്ഛന്റെയും അമ്മയുടെയും കൂടെ പോകാന്‍ ഇഷ്ടമില്ല. അമ്മ എന്നെ പതിവായി തല്ലും, അച്ഛന്‍ അതിനെതിരെ ഒന്നും പറയില്ല"- സോനു വീണ്ടും വീണ്ടും പറയുന്നു.
ജില്ലാ അധികൃതര്‍ കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. സോനുവിന് മാതാപിതാക്കളുടെ പേരും വീട് സ്ഥിതിചെയ്യുന്ന സ്ഥലവും അറിയാം. എന്നാല്‍ ഗ്രാമത്തിന്റെ പേരോ അവിടേയ്‌ക്ക് എങ്ങനെ എത്തിപ്പെടാമെന്നോ അവള്‍ക്ക് പറഞ്ഞു തരാന്‍ കഴിയുന്നില്ല. അവളുടെ മാതാപിതാക്കള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്- ജില്ലാ അധികൃതര്‍ അറിയിച്ചു.
ഇതിനിടെ രാജ്‌സ്ഥാനിലെ ബിക്കാനിര്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒരു അധ്യാപിക സോനുവിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നിട്ടുണ്ട്. അവളുടെ വിദ്യാഭ്യാസത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അധ്യാപികയായ സുനിത വര്‍മ്മ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications