കോട്ടയത്ത് ഉണര്‍ന്നത് കമ്യൂണിസ്റ്റ് ബോധം: പിണറായി
തിരുവനന്തപുരം: സിപിഎമ്മിന്റെ കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്‍ പ്രസംഗിക്കുമ്പോള്‍ ചിലര്‍ ബഹളം വച്ചത് തടയാന്‍ താന്‍ ഇടപെട്ടത് കമ്യൂണിസ്റ്റ് ബോധം കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പാര്‍ട്ടിപ്പത്രമായ ദേശാഭിമാനിയില്‍ കോട്ടയം സമ്മേളനത്തെക്കുറിച്ച് എഴുതുന്ന ലേഖന പരമ്പരയിലെ ആദ്യ ലേഖനത്തിലാണ് പിണറായി ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്.
വി.എസിനെപ്പോലെ പാരമ്പര്യമുള്ള ഒരു സഖാവിന്റെ പ്രസംഗ സമയത്ത് നടക്കുന്ന ഇത്തരം ചെയ്‌തികള്‍ കണ്ടിരിക്കാനോ വെച്ചുപൊറുപ്പിക്കാനോ കഴിയില്ലെന്ന തന്റെ കമ്യൂണിസ്‌റ്റ് ബോധമാണ് ഈ ഇടപെടലിന് ആധാരമായതെന്നാണ് പിണറായിയുടെ വിശദീകരണം.
'പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉത്‌ഘാടനം ചെയ്‌തശേഷം അധ്യക്ഷനെന്ന നിലയില്‍ ഞാനും പ്രസംഗിച്ചു. അതിന് ശേഷമാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത്. പ്രസംഗം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ മഴ ചാറി.
അതിനിടെ ഏതാനും പേര്‍ വേദിയ്‌ക്ക് മുന്നില്‍ നിന്നും ഒച്ചവച്ചു. ആശാസ്യമല്ലാത്ത പെരുമാറ്റവും ബഹളവുമാണ് ആ ചെറുകൂട്ടത്തില്‍ നിന്നുമുണ്ടായത്. അവരില്‍ ആരോ ഒരു കുപ്പി സ്റ്റേജിലേയ്‌ക്ക് എറിഞ്ഞു. മഴ കനത്തപ്പോള്‍ വി.എസ് പ്രസംഗം അവസാനിപ്പിച്ചു'- പിണറായി ലേഖനത്തില്‍ വിശദീകരിക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏറ്റവും പ്രധാനമാണ് അച്ചടക്കം. പാര്‍ട്ടി പരിപാടികളില്‍ അച്ചടക്കം കാത്തുസൂക്ഷിച്ചേ മതിയാകൂ. ഇതില്‍ നിന്നും വ്യത്യസ്‌തമായി ആരു പെരുമാറിയാലും തിരുത്തും. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്തസ്സിനെ അത് ബാധിയ്‌ക്കും. ഈ ബോധത്തോടെയാണ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അച്ചടക്കം നിലനിര്‍ത്താനുള്ള ഇടപെടല്‍ നടത്തിയത്- പിണറായി പറയുന്നു.
പരിപാടിക്കിടെ ബഹളമുണ്ടാക്കിയവര്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളുകളാണെന്ന് വ്യക്തമായിട്ടുണ്ടുന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് കോട്ടയം സമ്മേളനത്തില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications