ദേവേന്ദ്രന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് മുരളി
തിരുവനന്തപുരം: ചലച്ചിത്രതാരം ദേവനെന്നല്ല സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ വിചാരിച്ചാലും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍.
കേന്ദ്രത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഇടതുപാര്‍ട്ടികളുടെ സഹായം തേടിയ സോണിയാ ഗാന്ധി കേരളത്തില്‍ ഇടതു പക്ഷത്തെ താഴെയിറക്കാന്‍ ബിജെപിയുടെ പിന്തുണ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് പ്രസംഗത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച സോണിയ ബിജെപിയെക്കുറിച്ച് ഒന്നും പറയാതിരുന്നത് ഇതുമൂലമാണ്. കേന്ദ്രത്തിലേത് തങ്ങളുടെ സര്‍ക്കാറാണെന്ന് പറയാന്‍ സോണിയയ്‌ക്ക് അധികാരമില്ല. എന്‍സിപിയുള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ക്ക് ഇടത്, വലത് മുന്നണികളോടുള്ള താല്‍പര്യം നഷ്ടമായെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന ഉപതിരഞ്ഞെടപ്പുകളുടെ ഫലം വ്യക്തമാക്കുന്നു. ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന അഭിപ്രായം തെറ്റാണ്. കോണ്‍ഗ്രസ് എന്സിപിയെ നശിപ്പിക്കാന് ശ്രമിക്കുകയാണ്. കോണ്ഗ്രസ്സിലേയ്ക്ക് തിരിച്ചുപോയ കരുണാകരനും കൂട്ടര്ക്കും അവിടെ വേണ്ട ബഹുമാനമോ സ്ഥാനമാനങ്ങളോ കിട്ടില്ലെന്ന് ഉറപ്പാണ്- മുരളി പറഞ്ഞു.
നാഷണിലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം ഉത്‌ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പിഡിപിയുമായി ചര്‍ച്ച നടത്തിയിരുന്നതായി മുരളി അറിയച്ചു. എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാവുന്നതിനെക്കുറിച്ച് തങ്ങളോ എല്‍ഡിഎഫോ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications