ഭാര്യയെ ശല്യപ്പെടുത്തിയയാളെ ഭര്‍ത്താവ് കൊന്ന് കത്തിച്ചു
ചിന്നക്കനാല്‍: ഭാര്യയെ പീഡപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അടിച്ചുകൊന്ന് കത്തിച്ച കേസില്‍ ഭര്‍ത്താവ് ശെല്‍വം പൊലീസില്‍ കീഴടങ്ങി. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ ശെല്‍വമാണ് പൊലീസില്‍ കീഴടങ്ങി കുറ്റസമ്മതം നടത്തിയത്.
ചിന്നക്കനാലിലെ പൊളിച്ചുമാറ്റിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിലെ ജീവനക്കാരന്‍ മൂവാറ്റുപുഴ പായിപ്ര മലയില്‍ കണ്ടതില്‍ റോബിന്‍ ജോസഫ്(27) ആണ് കൊല്ലപ്പെട്ടത്. ഭാഗിമായി കത്തിയനിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തി.
തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയശേഷം റോബിന്റെ മൃതദേഹം കത്തിയ്‌ക്കുകയായിരുന്നുവെന്ന് ശെല്‍വം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് റോബിന്‍ കൊല്ലപ്പെട്ടത്.
ശെല്‍വത്തിന്റെ ഭാര്യ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു. ഇവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി റോബിന്‍ ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഇതിനാലാണ് കൊല നടത്തിയതെന്നാണ് ശെല്‍വം പറയുന്നത്. റോബിന്റെ ശല്യം സഹിക്കാന്‍ കഴിയാതെവന്നപ്പോള്‍ ഇയാളോട് സൗഹൃദഭാവത്തില്‍ പെരുമാറിയാണത്രേ ശെല്‍വം കൊല ആസൂത്രണം ചെയ്‌തത്.
സൗഹൃദം സ്ഥാപിച്ചപ്പോള്‍ റോബിന്‍ ശെല്‍വത്തോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന ഉറപ്പിന്‍മേല്‍ പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തിച്ചാണ് ശെല്‍വം കൊല നടത്തിയത്. തുടര്‍ന്ന് മൃതദേഹം പുല്ലിട്ട് മൂടി കത്തിയ്‌ക്കുകയായിരുന്നു.
തുടര്‍ന്ന് ഒളിവില്‍പ്പോയ ശെല്‍വം സുഹൃത്ത് മുഖാന്തിരമാണ് ശനിയാഴ്‌ച പൊലീസില്‍ കീഴടങ്ങിയത്. മൃതദേഹത്തിനടുത്ത് കണ്ട ചെരുപ്പും വസ്‌ത്രങ്ങളും റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്‌ക്ക് കൊണ്ടുപോയി.












Click it and Unblock the Notifications