ക്ഷേമപദ്ധതികള്‍ ജനസംഖ്യാ വര്‍ധനവിന് കാരണമാകുന്നു- റിപ്പോര്ട്ട്
പട്‌ന: ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തിന് കണക്കില്ല, ഇതിനിടെ ചില പദ്ധതികളാകട്ടെ പരോക്ഷമായി ജനസംഖ്യാ വര്‍ധനവിന് കാരണമാവുന്നതായി റിപ്പോര്ട്ട്.
ബീഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ സഹായധനം പ്രതീക്ഷിച്ച് മാത്രം ജനങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്നാണ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനനി സുരക്ഷാ യോജന, ജനനി ബാല്‍ സുരക്ഷാ യോജന എന്നീ സ്‌കീമുകള്‍ വഴി കിട്ടുന്ന പണത്തിന് വേണ്ടി സ്‌ത്രീകള്‍ ക്യൂ നില്‍ക്കുന്ന കാഴ്‌ച ബീഹാറിലെ കതിഹാറിലെയം മറ്റും സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിരം ദൃശ്യങ്ങളാണ്.
ഈ സ്‌കീമുകള്‍ വഴി പ്രസവാനന്തരമാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇതിനായി അവര്‍ രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കാനും തയ്യാറാകുന്നു. പ്രസവാനന്തരം പണം ലഭിക്കുമെന്നതുകൊണ്ടുതന്നെ കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം എന്നതാണ് ഗ്രാമീണരുടെ മാനസികാവസ്ഥ.
പദ്ധതി പ്രകാരം ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ 1,600 രൂപ എന്ന നിരക്കിലാണ് ആരോഗ്യ വകുപ്പ് വിതരണം ചെയ്യുന്നത്. എന്നാല്‍ വാസക്ടമി ഉള്‍പ്പെടെയുള്ള ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ക്കാകട്ടെ 600രൂപ മാത്രമാണ് ആരോഗ്യവകുപ്പ് ധനസഹായമായി നല്‍കുന്നത്.
ജനനനിയന്ത്രണങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന മറ്റു ചില പദ്ധതികള്‍ തന്നെയാണ് അതിന് വിലങ്ങുതടിയായി മാറുന്നത്. കുടുംബാസൂത്രണ പദ്ധതികള്‍ക്കായി നല്‍കുന്ന തുക കുറവാണെന്നതുകൊണ്ടുതന്നെ നിരക്ഷരരായ ജനങ്ങളെ ഇതിലേയ്‌ക്ക് ആകര്‍ഷിക്കാന്‍ കഴിയാതെ പോകുന്നു.
പ്രസവാനന്തരം കുഞ്ഞിനും അമ്മയ്‌ക്കും കൂടുതല്‍ തുക കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ കൂടുതല്‍ കുട്ടികള്‍ ആവാം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു.
എന്നാല്‍ ഇത്തരമൊരവസ്ഥയെക്കുറിച്ച് അറിയില്ലെന്നാണ് ബീഹാറിലെ ആരോഗ്യമന്ത്രി ചന്ദ്രമോഹന്‍ റായ് പറയുന്നത്. ഇക്കാര്യത്തില്‍ ഇതേവരെ ഒരു പരാതിപോലും ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഇത്തരമൊരു പ്രശ്‌നം കണ്ടെത്തിയതിനാല്‍ അന്വേഷണമാവാമെന്നും അദ്ദേഹം പറയുന്നു.
2006ല്‍ കേരളമുള്‍പ്പെടെയുള്ള തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്‌തവര്‍ കുറവാണെന്നും മതത്തില്‍ ആളുകളെ കൂട്ടാന്‍ ക്രൈസ്‌തവര്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും കാത്തലിക്ക് ചര്‍ച്ച് വിശ്വാസികള്‍ക്ക് ആഹ്വാനം നല്‍കുകയും ഇടയലേഖനങ്ങള്‍ ഇറക്കുകയും ചെയ്തകാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ട്.
ജനസംഖ്യാ നിയന്ത്രണത്തിനായി സര്‍ക്കാറുകള്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മതസ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications