അമിതാഭ് ബച്ചന്റെ ഓഫീസിനെതിരെ കുപ്പിയേറ്
മുംബൈ: അമിതാഭ് ബച്ചന്‍റെ വീടിനു നേരെ ആക്രമണം നടന്നതിന്‍റെ പിന്നാലെ അദ്ദേഹത്തിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്ട്ട്.
തിരിച്ചറിഞ്ഞിട്ടില്ലാത്ത നാല് ചെറുപ്പക്കാര്‍ കാറിലെത്തി ജൂഹുവിലുള്ള ഓഫീസിനു നേര്‍ക്ക് കുപ്പിയേറ് നടത്തുക ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ജൂഹുവിലുള്ള വീടിന് പിന്നിലാണ് ബച്ചന്റെ ഓഫീസ് പ്രവര്ത്തിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഓഫീസിനു നേരെ ആക്രമണമുണ്ടായതായി ബച്ചനും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം എച്ച്-02 എ എല്‍ 580 എന്ന ഗ്രേ നിറത്തിലുള്ള സാന്‍ട്രോ കാറിലാണ് അക്രമികള്‍ എത്തിയത്. രാജ് താക്കറേയുടെ അനുയായികളാണ് ഇത് ചെയ്തതെന്നു സംശയിക്കുന്നെന്നും അവര്ക്കെതിരെ നടപടി സ്വീകരിക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് പറഞ്ഞു.
ഫെബ്രുവരി ആദ്യവും ഇതിനു സമാനമായ ആക്രമണം ഉണ്ടായിരുന്നു. അന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു പേര്‍ ബിഗ് ബിയുടെ വീടിനു നേരെ കുപ്പി വലിച്ചെറിയുകയായിരുന്നു. മഹാരാഷ്ട്രയെ അവഗണിക്കുന്നു എന്ന പേരില്‍ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുടെ അനുയായികളായിരുന്നു ആക്രമണം നടത്തിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications