ഇറാഖില്‍ ആര്‍ച്ച് ബിഷപ്പിനെ തട്ടിക്കൊണ്ടുപോയി
മൊസൂള്‍: ഇറാഖിലെ കല്‍ദായ ആര്‍ച്ച് ബിഷപ്പിനെ ഒരു സംഘം തോക്കുധാരികള്‍ തട്ടിക്കൊണ്‌ടുപോയി. മൊസൂള്‍ അതിരൂപതാധ്യക്ഷന്‍ അര്‍ച്ച് ബിഷപ് പൗലോസ് ഫറാജ് റാഹൂവിനെയാണ് തട്ടിക്കൊണ്‌ടുപോയത്.
ആര്‍ച്ച് ബിഷപ്പിനെ തട്ടിക്കൊണ്‌ടുപോകാനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറേയും ഒപ്പമുണ്‌ടായിരുന്ന മറ്റ് രണ്‌ടുപേരേയും അക്രമികള്‍ കൊലപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
കിഴക്കന്‍ മൊസൂളിലെ അല്‍ നൂര്‍ ജില്ലയില്‍ പൗലോസ് ഫറാജ് റാഹുവും കൂട്ടരും സഞ്ചരിച്ചിരുന്ന കാറിനുനേര്‍ക്ക് വെടിയുതിര്‍ത്ത തോക്കുധാരികള്‍ കാറിലുള്ളവരെ കൊലപ്പെടുത്തിയശേഷം മെത്രാപ്പോലീത്തയെ തട്ടികൊണ്‌ടുപോകുകയായിരുന്നു.
ആര്‍ച്ച് ബിഷപ്പിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാക്കിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസും ബാഗ്‌ദാദ് മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ ഇമ്മാനുവേല്‍ ഡെല്ലി മൂന്നാമന്റെ ഓഫീസ് അറിയിച്ചു.
2003 -ലെ അമേരിക്കന്‍ അധിനിവേശത്തിനുശേഷം ഇറാക്കില്‍ നിരവധി ക്രൈസ്‌തവ പുരോഹിതരേയും സഭാനേതാക്കളേയും തട്ടിക്കൊണ്‌ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്‌തിട്ടുണ്‌ട്.
മൊസൂളിലെ മുന്‍ ആര്ച്ച് ബിഷപ്പായ ബാസിലെ ജോര്‍ജസ് കാസ്‌മോസയെ 2005 ല്‍ ഒരു സംഘം തോക്കുധാരികള്‍ തട്ടിക്കൊണ്‌ടുപോയെങ്കിലും പിറ്റെദിവസം മോചിപ്പിച്ചിരുന്നു.
2007 ജൂണില്‍ മൊസൂള്‍ രൂപതാവൈദികനായ റഖീദ് ആസീസ് ഖാനിയും മൂന്നു സഹപ്രവര്‍ത്തകരും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ബാഗ്‌ദാദിന് സമീപം വൈദികരും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇറാഖിലെ ജനസംഖ്യയില്‍ മൂന്നുശതമാനത്തോളം വരും ക്രൈസ്‌തവര്‍. ഇതില്‍ ഭൂരിപക്ഷവും വത്തിക്കാന് കീഴിലുള്ള കല്‍ദായ സഭാ വിശ്വാസികളാണ്












Click it and Unblock the Notifications