ദില്ലിയിലെ ബിരിയാണി ഭീമന്‍ ഗിന്നസിലേയ്‌ക്ക്
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ശനിയാഴ്‌ച ലോകത്തിലെ ഏറ്റവും വലിയ വെജിറ്റേറിയന്‍ ബിരിയാണി തയ്യാറാക്കി. അറുപത് പാചകക്കാര്‍ ചേര്‍ന്ന് പതിനഞ്ച് മണിക്കൂര് പാകം ചെയ്ത് 13 ടണ്‍ കിലോ ബിരിയാണിയാണ് ശനിയാഴ്‌ച ഉണ്ടാക്കിയത്.
ജെസിബിയുടെയും ക്രയിനിന്റെയും സഹായത്തോടെയാണ് ബിരിയാണി അടുപ്പില്‍ കയറ്റിയത്. ഇളക്കാനായി മോട്ടര്‍ ഘടിപ്പിച്ച പ്രത്യേക യന്ത്രവുമുണ്ടായിരന്നു. ശനിയാഴ്‌ച അതിരാവിലെ തുടങ്ങിയ പാചകം വൈകീട്ടാണ് പൂര്‍ത്തിയായത്.
15 അടി ഉയരവും 10 അടി വ്യാസവുമുള്ള പാത്രത്തിലാണ് ബിരിയാണ് വേവിച്ചത്. 3000 കിലോ ബസ്മതി അരി, 1200 ലിറ്റര്‍ എണ്ണ, 100കിലോയിലധികം മസാല, 3650 കിലോ പച്ചക്കറി, 6,000 ലിറ്റര് വെള്ളം എന്നിവയാണ് ബിരിയാണിയുണ്ടാക്കാന്‍ ഉപയോഗിച്ചത്. 16 അടി നീളമുള്ള ഇരുപതോളം ചട്ടുകങ്ങളാണ് ഇളക്കാന്‍ ഉപയോഗിച്ചത്.
രാവിലെ പത്തിന് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് പച്ചക്കൊടി കാട്ടിയതോടെയാണ് പാചകയജ്ഞത്തിന് തുടക്കമായത്. അജയ് ശര്‍മ്മയായിരുന്നു പ്രധാന പാചകക്കാരന്‍. തയ്യാറാക്കിയ ബിരിയാണി നഗരത്തിലെ വിവിധ അനാഥാലയങ്ങളില്‍ വിതരണം ചെയ്‌തു.
കോഹിനൂര്‍ ഫുഡ് ലിമിറ്റഡ് ഹിന്ദുസ്ഥാന്‍ ടൈംസുമായി ചേര്‍ന്നാണ് പാചക യജ്ഞം നടത്തി റക്കോര്‍ഡ് ബിരിയാണി ഉണ്ടാക്കിയത്. ഗിന്നസ് ബുക്ക് പ്രതിനിധികളുടെ മുമ്പില്‍ ബിരിയാണി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയതിന്റെ ലോക റക്കോര്‍ഡ് ദുബയിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗിനാണ്. 15000 കിലോ ചിക്കന്‍ ബിരിയാണിയാണ് 2001 മാര്‍ച്ചില്‍ അവര്‍ ഉണ്ടാക്കിയത്.












Click it and Unblock the Notifications